ചൈനയിലെ ഹാങ്സോയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട ആരംഭിച്ചു. ഇത് വരെ 5 മെഡലുകൾ ആണ് ഇന്ത്യ നേടിയത്. ഷൂട്ടിങിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ അഷി ചൗക്സെ, മെഹുലി ഘോഷ്, രമിത ജിൻഡാൽ എന്നിവർ ആണ് ഇന്ത്യക്ക് ആദ്യ മെഡൽ ഇന്ന് സമ്മാനിച്ചത്. 1886.0 പോയിന്റുകളും ആയി വെള്ളി മെഡൽ ആണ് അവർ നേടിയത്. തുടർന്ന് റോവിങിൽ ഇന്ത്യ 3 മെഡലുകൾ നേടുന്നത് ആണ് കാണാൻ ആയത്. പുരുഷന്മാരുടെ ലൈറ്റ് വെയിറ്റ് ഡബിൾ സ്കൾസിൽ അർജുൻ ലാൽ ജാട്ട്, അരവിന്ദ് സിംഗ് സഖ്യം വെള്ളി മെഡൽ നേടി.
മെൻസ് പെയറിൽ ബാബു ലാൽ യാദവ്, ലേഖ് റാം സഖ്യം അതേസമയം വെങ്കല മെഡൽ നേടി. പുരുഷന്മാരുടെ 8 പേർ പങ്കെടുക്കുന്ന ഇനത്തിൽ ഇന്ത്യൻ ടീം തുഴഞ്ഞു വെള്ളി മെഡൽ നേടുന്നതും തുടർന്ന് കണ്ടു. ദിവസത്തെ തന്റെ രണ്ടാം മെഡൽ നേടിയ 19 കാരിയായ രമിത ജിൻഡാൽ ആണ് ഇന്ത്യക്ക് ഇന്നത്തെ അഞ്ചാം മെഡൽ സമ്മാനിച്ചത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ 230.1 പോയിന്റുകൾ നേടിയ രമിത വെങ്കല മെഡൽ ആണ് നേടിയത്. 2018 ലെ റെക്കോർഡ് മെഡൽ വേട്ട മറികടക്കാൻ ഇറങ്ങുന്ന ഇന്ത്യക്ക് ഇത് മികച്ച തുടക്കം തന്നെയാണ്.