ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ നേടി തന്ന കബഡി. ഇന്ന് പുരുഷ ടീം ഫൈനലിൽ ഇറാനെ തോൽപ്പിച്ച് ആണ് സ്വർണ്ണം നേടിയത്. ഇന്ന് രാവിലെ ഇന്ത്യൻ വനിതാ കബഡി ടീമും സ്വർണ്ണം നേടിയിരുന്നു. ഇതുവരെ എല്ലാ മത്സരങ്ങളും ഏകപക്ഷീയമായി വിജയിച്ച ഇന്ത്യൻ പുരുഷ ടീമിന് ഫൈനൽ അത്ര എളുപ്പമായിരുന്നില്ല. ഇറാൻ ശക്തമായ വെല്ലുവിളി ഇന്ത്യക്ക് എതിരെ ഉയർത്തി. അവസാനം ഒരു വിവാദ റഫറിയിങ് ഉണ്ടാക്കിയ നാടകീയതക്ക് അവസാനം ആണ് ഇന്ത്യ ജയിച്ചത്. 33-29 എന്ന സ്കോറിനായിരുന്നു കളി ഇന്ത്യ ജയിച്ചത്.
തുടക്കത്തിൽ ഇറാൻ ഇന്ത്യക്ക് മേൽ ലീഡ് എടുക്കുന്നത് കാണാൻ ആയി. ഒരു ഘട്ടത്തിൽ ഇറാൻ 10-6ന് മുന്നിൽ ആയിരുന്നു. എന്നാൽ ശക്തമായി തിരിച്ചുവന്ന ഇന്ത്യ ആദ്യ പകുതി അവസാനിക്കുമ്പോൾ 17-13 എന്ന ലീഡ് എടുത്തു. രണ്ടാം പകുതിയിൽ ഇറാൻ തിരിച്ചുവരാൻ ശ്രമിച്ചു.
10 മിനുട്ട് മാത്രം ബാക്കി ഇരിക്കെ ഇന്ത്യ 24-19ന് മുന്നിൽ ആയിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ച് ഇറാൻ ഓളൗട്ട് ആക്കി സ്കോർ 24-24 എന്നാക്കി. കളി പിന്നെ ഒപ്പത്തിനൊപ്പം നീങ്ങി. 2 മിനുട്ട് ശേഷിക്കെ സ്കോഎ 28-28ൽ നിന്നു. ഒരു മിനുട്ട് മാത്രം ശേഷിക്കെ ഒരു വിവാദ നിമിഷം വന്നു. പവനെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇറാന്റെ നാലു താരങ്ങൾ ലോബിയിൽ പ്രവേശിച്ചത് ആണ് വിവാദമായത്. ഇന്ത്യ നാലു പോയിന്റിന് റിവ്യൂ ചെയ്തു എങ്കിലും പുതിയ നിയമം അനുസരിച്ച് വിധി എഴുതിയ റഫറി 2 ടീമിനും ഒരോ പോയിന്റ് മാത്രം നൽകി. വീണ്ടും ഇന്ത്യ പ്രതിഷേധിച്ചതോടെ റഫറി തീരുമാനം മാറ്റി ഇന്ത്യക്ക് 4ഉം ഇറാന് ഒരു പോയിന്റും നൽകി. എഷ്യൻ ഗെയിംസിന് പഴയ റൂൾ ആണ് ഫോളോ ചെയ്യുന്നത് എന്നായിരുന്നു ഇന്ത്യയുടെ വാദം.
പിന്നെ ഇറാന്റെ പ്രതിഷേധം വന്നു. വീണ്ടും റഫറി തീരുമാനം മാറ്റി. വീണ്ടും 1-1 പോയിന്റ് എന്ന വിധി വന്നു. കളി 29-29 എന്ന നിലയിൽ കളി പുനരാരംഭിക്കാൻ ഇരിക്കെ ഇന്ത്യയുടെ പ്രതിഷേധം വന്നു. അവസാനം വീണ്ടും ഇന്ത്യക്ക് 3-1 നൽകി. ഇറാൻ ഇതോടെ ഇനി കളിക്കില്ല എന്ന് നിലപാട് എടുത്തു. അവസാനം ഏറെ ചർച്ചകൾക്ക് ശേഷം 31-29 എന്ന ലീഡിൽ ഇന്ത്യ കളി പുനരാരംഭിച്ചു.
അപ്പോൾ 1.03 മിനുട്ട് മാത്രമെ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇന്ത്യ 33-29 എന്ന സ്കോറിൽ കളി ജയിച്ചു. ഇന്ത്യയുടെ 28ആം സ്വർണ്ണം ആണിത്. ഇന്ത്യക്ക് ഇതോടെ ഈ ഏഷ്യൻ ഗെയിംസിൽ ആകെ 103 മെഡൽ ആയി. 28 സ്വർണ്ണം, 35 വെള്ളി, 40 വെങ്കലം എന്നിവയാണ് ഇന്ത്യയുടെ മെഡൽ കണക്ക്.