ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ മലേഷ്യയ്ക്കെതിരെ 2 റൺസ് വിജയത്തോടെ ഏഷ്യ കപ്പ് സെമി ഫൈനലില്‍ കടന്ന് ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 116 റൺസ് നേടിയപ്പോള്‍ മലേഷ്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് മാത്രമേ നേടാനായുള്ളു.
35 പന്തിൽ 52 റൺസ് നേടിയ വിരൺദീപ് സിംഗ് ക്രീസിൽ നിൽക്കുമ്പോള്‍ അവസാന ഓവറിൽ 5 റൺസ് മാത്രമായിരുന്നു വിജയത്തിനായി മലേഷ്യ നേടേണ്ടിയിരുന്നത്. അഫിഫ് ഹൊസൈന്‍ എറിഞ്ഞ അവസാന ഓവറിൽ ആദ്യ മൂന്ന് പന്തിൽ ഒരു റൺസും വിരൺദീപിന് നേടാനായില്ല. വലിയ ഷോട്ടിന് ശ്രമിച്ച് താരം പുറത്തായപ്പോള്‍ 39 പന്തിൽ 52 റൺസ് ആയിരുന്നു അദ്ദേഹത്തിന്റെ സ്കോര്‍. പിന്നീട് ലക്ഷ്യം 2 പന്തിൽ 5 ആയെങ്കിലും അവസാന രണ്ട് പന്തിൽ 2 സിംഗിള്‍ മാത്രമാണ് പിറന്നത്.
വിരൺദീപിന് പുറമെ വിജയ് ഉണ്ണി(14), ഐനൂള്‍ ഹാഫിസ്(14), സയ്യദ് അസീസ് മുബാറക്(20) എന്നിവരാണ് റൺസ് കണ്ടെത്തിയ മറ്റ് താരങ്ങള്‍. ബംഗ്ലാദേശിനായി റിപൺ മോണ്ടോലും അഫിഫ് ഹൊസൈനും മൂന്ന് വീതം വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 3/3 എന്ന നിലയിലേക്ക് വീണ ശേഷമാണ് 116 റൺസിലേക്ക് എത്തിയത്. 50 റൺസുമായി നായകന്‍ സൈഫ് ഹസന്‍ പുറത്താകാതെ നിന്നപ്പോള്‍ 14 പന്തിൽ 23 റൺസുമായി അഫിഫ് ഹൊസൈന്‍, 21 റൺസ് നേടി ഷഹ്ദത്ത് ഹൊസൈന്‍, 14 റൺസ് നേടി ജാക്കര്‍ അലി എന്നിവരാണ് ടീം സ്കോറിന് മാന്യത പകര്‍ന്നത്.