ഒരു ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ റെക്കോർഡ് ഇനി ഈ ഏഷ്യൻ ഗെയിംസിന്റെ പേരിൽ ആകും. മെഡൽ വേട്ടയിൽ ഇന്ത്യ ഇന്ന് സർവ്വകാല റെക്കോർഡ് തകർത്തു. മിക്‌സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്ത് ഫൈനലിൽ ഇന്ത്യ സ്വർണ്ണം നേടിയതോടെ ഇന്ത്യയുടെ മെഡൽ എണ്ണം 71 ആയി. ഇന്ത്യയുടെ ഓജസ് പ്രവീണും ജ്യോതി സുരേഖയും ആണ് അമ്പെയ്ത്തിൽ സ്വർണ്ണം കൊണ്ടു വന്നത്.
ദക്ഷിണ കൊറിയയ്‌ക്കെതിരെ 159-158 എന്ന സ്‌കോറിന് ഇന്ത്യ ജയിച്ചു. ഈ ഇനത്തിൽ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കസാക്കിസ്ഥാനെ 157-154ന് പരാജയപ്പെടുത്തിയ ചൈനീസ് തായ്‌പേയ് വെങ്കലം നേടി.
അമ്പെയ്ത്ത് സ്വർണത്തോടെ, ഏഷ്യൻ ഗെയിംസിലെ തങ്ങളുടെ എക്കാലത്തെയും മികച്ച മെഡൽ നേട്ടം ഇന്ത്യ രേഖപ്പെടുത്തി. 2018ലെ 70 മെഡലുകൾ എന്ന നേട്ടമാണ് ഇന്ത്യ മറികടന്നത്. 16 സ്വർണവും 26 വെള്ളിയും 29 വെങ്കലവുമടക്കം 71 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. 2018ൽ ജക്കാർത്തയിലും പാലംബാംഗിലും നടന്ന ഗെയിംസിൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവുമടക്കം 70 മെഡലുകളാണ് ഇന്ത്യ നേടിയത്.