ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വലിയ വിജയം. ഹാങ്‌ഷൗവിലെ ഗോങ്‌ഷു കനാൽ സ്‌പോർട്‌സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏഷ്യൻ ഗെയിംസ് 2023 പൂൾ എ മത്സരത്തിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം സിംഗപ്പൂരിനെതിരെ 16-1ന്റെ വലിയ വിജയം തന്നെ നേടി. ആദ്യ മത്സരത്തിൽ ഉസ്ബെകിസ്താനെതിരെയും ഇന്ത്യ 16 ഗോൾ അടിച്ചിരുന്നു. അന്ന് 16-0നാണ് ഇന്ത്യ ജയിച്ചത്.
മന്ദീപ് സിംഗ് (12′, 30′, 51′) ലളിത് ഉപാധ്യായ (16′), ഗുർജന്ത് സിംഗ് (22′), വിവേക് സാഗർ പ്രസാദ് (23′), ഹർമൻപ്രീത് സിംഗ് (24′, 39′, 40′, 42′) , മൻപ്രീത് സിംഗ് (37′), സംഷേർ സിംഗ് (38′), അഭിഷേക് (51′, 52′), വരുൺ കുമാർ (55′, 56′) എന്നിവരുടെ ഗോളുകളാണ് ഇന്ത്യയുടെ കൂറ്റൻ ജയത്തിന് കരുത്തായത്. മുഹമ്മദ് സാക്കി ബിൻ സുൽക്കർനൈൻ (53’) സിംഗപ്പൂരിന്റെ ആശ്വാസ ഗോൾ നേടി.
മൂന്ന് തവണ ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ സ്വർണ്ണം നേടിയിട്ടുള്ള ഇന്ത്യ ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ തങ്ങളുടെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഓരോ പൂളിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിഫൈനലിലേക്ക് മുന്നേറും.