പെണ്ണുങ്ങൾക്ക് തലമുടി ഒന്നു ചെറുതാക്കി വെട്ടാൻ പോലുമാവില്ലേ? സാമൂഹിക മാധ്യമങ്ങളിൽ കൊറിയയുടെ സൂപ്പർ താരമായ ആർച്ചർ ആൻ സാനിന് അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നത് തലമുടി ചെറുതാക്കിയതിനു ആണ്. കൊറിയയിലെ പുരുഷ വംശത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്ത സാമൂഹിക വിരുദ്ധരായ ആണുങ്ങൾ മുടി ചെറുതായി വെട്ടിയ ഫെമിനിസ്റ്റ് ആയ ആൻ സാൻ ഒളിമ്പിക്‌സിൽ നേടിയ സ്വർണ മെഡലുകൾ വരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടു. പുരുഷന്മാരെ വെറുക്കാൻ പ്രേരിപ്പിക്കുക ആണ് ആൻ സാൻ എന്നു പോലും ആക്ഷേപം ഉണ്ടായി.
കൊറിയയിൽ ചില വിഭാഗങ്ങൾക്ക് ഇടയിൽ ഉണ്ടായ ഫെമിനിസ്റ്റ് വിരുദ്ധ പ്രതികരണങ്ങളുടെ ഇരയാണ് ആൻ. കൊറിയയിൽ സ്ത്രീ വിരുദ്ധമായ നിയമങ്ങൾക്ക് എതിരെ തലമുടി വെട്ടി ഫെമിനിസ്റ്റ് സംഘടനകൾ പ്രതിഷേധിക്കുന്നതിനു ഇടയിലാണ് ആൻ സാനിനു നേരെയും ആക്രമണം ഉണ്ടാവുന്നത്. എന്നാൽ ഇത് വരെ ആ സംഘടനകൾക്ക് ഐക്യപ്പെട്ട് ആണ് താൻ തലമുടി വെട്ടിയത് എന്നു താരം പറഞ്ഞിട്ടില്ല. എന്നിട്ടും രൂക്ഷമായ ആക്രമണവും അധിക്ഷേപങ്ങളും ആണ് കൊറിയയുടെ അഭിമാനം ആയ ആൻ നേരിടുന്നത്. എന്നാൽ ഇതിനെല്ലാം കളത്തിൽ മറുപടി പറഞ്ഞ ആൻ ചരിത്രത്തിൽ ആദ്യമായി അമ്പയ്ത്തിൽ മൂന്നു ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ താരവുമായി. സ്ത്രീകൾ ലോകത്ത് എല്ലായിടത്തും സാമൂഹിക മാധ്യമങ്ങളിൽ നേരിടുന്ന കടുത്ത അധിക്ഷേപങ്ങൾക്ക് മറ്റൊരു ഉദാഹരണം കൂടിയായി ആൻ സാൻ.