ചിക്കാഗോയിൽ നടക്കുന്ന വിൻഡി സിറ്റി ഓപ്പൺ പി.എസ്.എ പ്ലാറ്റിനം ടൂർണമെന്റിൽ ഇന്ത്യയുടെ യുവ സ്ക്വാഷ് താരം അനാഹത് സിംഗിന് തകർപ്പൻ വിജയം. മുപ്പത്തിരണ്ടാം റൗണ്ടിൽ ഈജിപ്തിന്റെ സെയ്‌ന മിക്കാവിയെ ഒന്നിനെതിരെ മൂന്ന് ഗെയിമുകൾക്കാണ് പതിനേഴുകാരിയായ അനാഹത് പരാജയപ്പെടുത്തിയത്.
ആദ്യ ഗെയിം 11-13 എന്ന സ്കോറിന് നഷ്ടമായെങ്കിലും പതറാതെ പോരാടിയ താരം അടുത്ത മൂന്ന് ഗെയിമുകളും (11-5, 11-6, 11-6) ആധികാരികമായി സ്വന്തമാക്കി പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. അടുത്ത റൗണ്ടിൽ ലോക പത്താം നമ്പർ താരം ബെൽജിയത്തിന്റെ ടിൻ ഗിലിസാണ് അനാഹതിന്റെ എതിരാളി. മുൻപ് നടന്ന പ്രധാന മത്സരത്തിൽ ടിന്നിനെ അട്ടിമറിച്ച ചരിത്രം അനാഹതിനുണ്ട്.









