വനിതകളുടെ SU5 ബാഡ്മിൻ്റൺ ഇനത്തിൽ സ്വർണ്ണ മെഡൽ മത്സരത്തിലേക്ക് മുന്നേറിക്കൊണ്ട് ഇന്ത്യൻ പാരാ-ഷട്ടിൽ തുളസിമതി മുരുകേശൻ 2024 പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് എട്ടാം മെഡൽ ഉറപ്പിച്ചു. 23-21, 21-17 എന്ന സ്‌കോറിനാണ് മുരുഗേശൻ ഇന്ത്യയുടെ സഹതാരം മനീഷ രാമദാസിനെ സെമിയിൽ പരാജയപ്പെടുത്തിയത്. തോറ്റെങ്കിലും വെങ്കല മെഡൽ മത്സരത്തിലൂടെ മനീഷ രാംദാസിന് മെഡൽ ഉറപ്പിക്കാൻ ഒരു അവസരം കൂടി ലഭിക്കും.
ഇരു താരങ്ങളും തങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ച സെമി ഫൈനൽ കടുത്ത പോരാട്ടമായിരുന്നു. ആദ്യ ഗെയിമിൽ തുളസിമതി മുരുകേശൻ 23-21 ന് രാമദാസിനെ പരാജയപ്പെടുത്തി. രണ്ടാം ഗെയിമിൽ മനീഷരാമദാസ് തുടക്കത്തിൽ നേരിയ ലീഡ് നേടിയെങ്കിലും എതിരാളിയുടെ പിഴവുകൾ മുതലാക്കി, കൃത്യമായ ഡ്രോപ്പ് ഷോട്ടുകളും തന്ത്രപ്രധാനമായ പ്ലേസ്‌മെൻ്റുകളും ഉപയോഗിച്ച് തുളസിമതി മുരുഗേശൻ 21-17 ന് വിജയിച്ചു. ടോക്കിയോ പാരാലിമ്പിക്സിൽ സ്വർണമെഡൽ ജേതാവ് ചൈനയുടെ യാങ് ക്യു സിയയെയാണ് മുരുഗേശൻ ഇനി ഫൈനലിൽ നേരിടുക.
അതേസമയം, വെങ്കലത്തിനായി ഡെൻമാർക്കിൻ്റെ ഛത്രിൻ റോസെൻഗ്രെനുമായി മനീഷ രാമദാസ് മത്സരിക്കും. ഇതുവരെ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ ഏഴ് മെഡലുകളാണ് പാരാലിമ്പിക്സിൽ ഇന്ത്യ നേടിയത്.