Picsart 24 08 04 18 11 52 820

ഹോക്കിയിൽ ഒളിമ്പിക് ജേതാക്കൾ ആയ ബെൽജിയത്തെ അട്ടിമറിച്ചു സ്‌പെയിൻ സെമിയിൽ

അവിശ്വസനീയ ജയവും ആയി പാരീസ് ഒളിമ്പിക്സ് ഹോക്കി സെമിഫൈനലിലേക്ക് മുന്നേറി സ്‌പെയിൻ. ഇതിഹാസ താരങ്ങൾ അടങ്ങിയ ബെൽജിയത്തെ നാടകീയവും വാശിയേറിയതും ആയ മത്സരത്തിൽ 3-2 എന്ന സ്കോറിന് ആണ് സ്‌പെയിൻ പരാജയപ്പെടുത്തിയത്. ഇത് 16 വർഷങ്ങൾക്ക് ശേഷമാണ് സ്‌പെയിൻ ഒളിമ്പിക് സെമിയിൽ എത്തുന്നത്. ഗോൾ രഹിതമായ ആദ്യ 2 ക്വാർട്ടറുകൾക്കും ശേഷം മൂന്നും നാലും ക്വാർട്ടറുകളിൽ 5 ഗോളുകൾ ആണ് മത്സരത്തിൽ പിറന്നത്.

ജോസെ ബസ്റ്റരയിലൂടെ മൂന്നാം ക്വാർട്ടറിൽ സ്‌പെയിൻ ആദ്യ ഗോൾ നേടിയപ്പോൾ ആർതർ ഡി സ്ലൂവറിലൂടെ 37 സെക്കന്റിനുള്ളിൽ ബെൽജിയം ഗോൾ മടക്കി. നാലാം ക്വാർട്ടറിൽ മത്സരം തീരാൻ 6 മിനിറ്റുള്ളപ്പോൾ പെനാൽട്ടി കോർണറിൽ നിന്നു മാർക് റെയ്നെ സ്പെയിനിന് രണ്ടാം ഗോൾ നേടി നൽകി. തുടർന്ന് 2 മിനിറ്റിനുള്ളിൽ മാർക് മിറാലസ് കൂടി ഗോൾ നേടിയതോടെ സ്‌പെയിൻ ജയം ഉറപ്പിച്ചത് ആയി കരുതി. എന്നാൽ മത്സരം തീരാൻ 2 മിനിറ്റ് ഉള്ളപ്പോൾ പെനാൽട്ടി കോർണറിൽ നിന്നു ഗോൾ നേടി മത്സരം 3-2 ആക്കിയ ഹെൻഡ്രിക്‌സ് അലക്സാണ്ടർ ബെൽജിയത്തിനു പ്രതീക്ഷ നൽകി. അവസാന നിമിഷങ്ങളിൽ സമനില ഗോളിനായുള്ള ബെൽജിയം മുന്നേറ്റങ്ങൾ സർവ്വവും ഉപയോഗിച്ച് തടഞ്ഞ സ്‌പെയിൻ അവിസ്മരണീയ ജയം നേടുക ആയിരുന്നു. സെമിയിൽ ഹോളണ്ട്, ഓസ്‌ട്രേലിയ മത്സര വിജയിയെ ആണ് സ്‌പെയിൻ നേരിടുക.

Exit mobile version