നാളെ തുടങ്ങാനിരിക്കുന്ന ഒളിമ്പിക് അത്ലറ്റിക്സിൽ നിന്നു പൂർണമായും ഒഴിവാകുമായിരുന്ന ഭീതി ഒഴിഞ്ഞു ഓസ്ട്രേലിയൻ അത്ലറ്റിക് ടീം. പോൾ വോൾട്ടിലെ നിലവിലെ ലോക ജേതാവ് അമേരിക്കയുടെ സാം കെൻഡ്രിക്സിന് കോവിഡ് സ്ഥിരീകരിച്ചതോടെ താരവുമായി സമ്പർക്കം പുലർത്തിയ മൂന്നു ഓസ്ട്രേലിയൻ താരങ്ങളാണ് ആശങ്ക സൃഷ്ടിച്ചത്. ഇതോടെ ഓസ്ട്രേലിയൻ ടീം ഒന്നടങ്കം ഐസലേഷനിലേക്ക് പോയി.
41 അത്ലറ്റുകളും 13 പരിശീലകരും അടക്കം ഓസ്ട്രേലിയൻ ട്രാക്ക് ആന്റ് ഫീൽഡ് ടീമിലെ മുഴുവൻ അംഗങ്ങളും ഐസലേഷനിലേക്ക് പോയി. 2 മണിക്കൂർ നീണ്ട ഐസലേഷനു ശേഷമാണ് ഓസ്ട്രേലിയൻ ടീമിന്റെ ആശങ്ക ഒഴിവായത്. പൂർണ്ണമായും വാക്സിനേഷനു വിധേയമായ അമേരിക്കൻ താരവുമായി സമ്പർക്കം പുലർത്തിയ 3 ഓസ്ട്രേലിയൻ താരങ്ങളും ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമായി കോവിഡ് ഇല്ല എന്നു ഉറപ്പിച്ചിരുന്നു. ഓസ്ട്രേലിയൻ ടീം ഇത് കൂടാതെ എല്ലാ ദിവസവും കോവിഡ് ടെസ്റ്റിനും വിധേയമാവും. അതേസമയം കോവിഡ് കാരണം അമേരിക്കൻ താരം സാം കെൻഡ്രിക്സിന് ഒളിമ്പിക്സ് നഷ്ടമാവും.