പാരീസ് ഒളിമ്പിക്സിൽ ജയത്തോടെ തുടങ്ങി ഇന്ത്യൻ പുരുഷ ഹോക്കി ടീം. പൂൾ ബിയിൽ ശക്തരായ ന്യൂസിലാൻഡ് ടീമിനെ ആണ് ഇന്ത്യ തോൽപ്പിച്ചത്. 3-2 നു ആയിരുന്നു ആവേശകരമായ മത്സരത്തിൽ ഇന്ത്യൻ ജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ആദ്യ ക്വാർട്ടറിൽ പെനാൽട്ടി കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ സാം ലൈനിലൂടെ ന്യൂസിലാൻഡ് ആണ് മത്സരത്തിൽ മുൻതൂക്കം നേടിയത്. എന്നാൽ രണ്ടാം ക്വാർട്ടറിൽ കൗണ്ടർ അറ്റാക്കിൽ മന്ദീപ് സിങ് നേടിയ ഗോളിൽ ഇന്ത്യ സമനില ഗോൾ കണ്ടെത്തി എത്തിയത്. കഴിഞ്ഞ ഒളിമ്പിക്സിലും താരം ഗോൾ നേടിയിരുന്നു. ന്യൂസിലാൻഡ് ഗോൾ കീപ്പർ ഡിക്സനും ഇന്ത്യൻ ഗോൾ കീപ്പർ ശ്രീജേഷും മത്സരത്തിൽ മികച്ച സേവുകൾ ആണ് നടത്തിയത്. 12 പെനാൽട്ടി കോർണറുകൾ വഴങ്ങിയ ഇന്ത്യക്ക് പലപ്പോഴും രക്ഷകൻ ആയത് ശ്രീജേഷ് ആയിരുന്നു.
രണ്ടാം പകുതിയിൽ മൂന്നാം ക്വാർട്ടറിൽ വിവേകിലൂടെ ഇന്ത്യ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തി. പന്ത് ഗോൾ ലൈൻ കടന്നോ എന്ന സംശയത്തിൽ ഗോൾ വീഡിയോ റഫറലിന് പോയെങ്കിലും റഫറി അനുവദിച്ച ഗോൾ അവർ അനുവദിക്കുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയി നിരന്തരം ന്യൂസിലാൻഡ് ആക്രമിച്ചു കളിച്ചു. പരിചയസമ്പന്നനായ സൈമൺ ചൈൽഡിലൂടെ അവർ നാലാം ക്വാർട്ടറിൽ സമനില ഗോൾ കണ്ടെത്തുകയും ചെയ്തു. സമനിലക്ക് പോകും എന്ന് കരുതിയ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ഇന്ത്യൻ വിജയഗോൾ വരികയായിരുന്നു. പെനാൽട്ടി കോർണറിൽ നിന്നു ഇന്ത്യ ഉതിർത്ത ഉറച്ച ഗോൾ അവസരം ന്യൂസിലാൻഡ് താരം ശരീരം കൊണ്ട് തടഞ്ഞതോടെ ഇന്ത്യക്ക് അനുകൂലമായി പെനാൽട്ടി സ്ട്രോക്ക് ലഭിച്ചു. തുടർന്നു പെനാൽട്ടി എടുത്ത ഹർമൻപ്രീത് സിങ് അത് ഗോളാക്കി മാറ്റി ഇന്ത്യക്ക് ജയം സമ്മാനിക്കുക ആയിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിലെ ജയം ഇന്ത്യക്ക് നിർണായകമാണ്.