ഒളിമ്പിക്സ് വനിതാ ഫുട്‌ബോളിൽ ഇന്ന് നടന്ന ആവേശകരമായ പോരാട്ടത്തിൽ ബ്രസീലും ഹോളണ്ടും സമനിലയിൽ പിരിഞ്ഞു. ഇന്ന് ഗ്രൂപ്പ് എഫിൽ നടന്ന പോരാട്ടത്തിൽ ആറു ഗോളുകൾ പിറന്നു എങ്കിലും ആർക്കും വിജയം സ്വന്തമാക്കാൻ ആയില്ല. ലീഡുകൾ മാറിമറയുന്ന മത്സരമാണ് തുടക്കം മുതൽ കണ്ടത്. മൂന്നാം മിനുട്ടിൽ ആഴ്സണൽ സ്ട്രൈക്കർ മിയദെമെയുടെ മാജിക്കിലൂടെ ആയിരുന്നു ഹോളണ്ട് ലീഡ് എടുത്തത്. പെനാൾട്ടി ബോക്സിൽ മനോഹരമായ ഫസ്റ്റ് ടച്ച് ടേണിലൂടെ ബ്രസീൽ ഡിഫൻസിനെ മറികടന്നായിരുന്നു മിയദെമെയുടെ ഗോൾ.
ഇതിനു 16ആം മിനുട്ടിൽ ദെബിനയുടെ ഗോളിലൂടെ ബ്രസീൽ മറുപടി പറഞ്ഞു. രണ്ടാം പകുതിയിൽ 59അമ മിനുട്ടിൽ വീണ്ടും മിയദമയുടെ ഗോളിൽ ഹോളണ്ട് മുന്നിൽ. ഇതിനു ശേഷം ബ്രസീലിന്റെ വൻ തിരിച്ചുവരവാണ് കണ്ടത്. 65ആം മിനുട്ടിൽ ഒരു പെനാൾട്ടി വലയിൽ എത്തിച്ച് മാർത സ്കോർ 2-2 എന്നാക്കി. 68ആം മിനുട്ടിൽ ലുദ്മിലയിലൂടെ അവർ ലീഡും നേടി. കളി ബ്രസീൽ സ്വന്തമാക്കുകയാണ് എന്ന് തോന്നിച്ച നിമിഷത്തിൽ ലോകോത്തര നിലവാരമുള്ള ഒരു ഫ്രീകിക്കിലൂടെ ജാൻസൺ ഹോളണ്ടിന് സമനില നേടിക്കൊടുത്തു. ആദ്യ മത്സരങ്ങളിൽ ഈ രണ്ടു ടീമുകളും വലിയ വിജയം നേടിയിരുന്നു.