ഫിഫ്റ്റിയുമായി സുദര്‍ശനും സുന്ദറും, ഗുജറാത്തിന് 168 റൺസ്

ഗുജറാത്തിന്റെ ബാറ്റിംഗ് നിര സൺറൈസേഴ്സിനെതിരെ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ മത്സരത്തിൽ ടീമിന് 168 റൺസ് നേടി കൊടുത്ത് സായി സുദര്‍ശന്റെയും വാഷിംഗ്ടൺ സുന്ദറിന്റെയും ഇന്നിംഗ്സുകള്‍. ഇരുവരും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് നേടിയത്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും ജോസ് ബട്‍ലറെയും പ്രഫുൽ ഹിംഗേ പുറത്താക്കിയപ്പോള്‍ ഗുജറാത്ത് 26 റൺസ് മാത്രമാണ് നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 34 റൺസ് മാത്രമാണ് 2 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് നേടിയത്.
നിശാന്ത് സന്ധു ക്രീസിലെത്തിയപ്പോള്‍ ഗുജറാത്തിന്റെ സ്കോറിംഗ് വേഗത ഉയര്‍ന്നുവെങ്കിലും 14 പന്തിൽ 22 റൺസ് നേടിയ താരത്തെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. 38 റൺസാണ് സായി സുദര്‍ശന്‍ – സന്ധു കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയത്.
പത്തോവർ പിന്നിടുമ്പോൾ 68/3 എന്ന നിലയിലായിരുന്ന ഗുജറാത്തിന്റെ റൺ റേറ്റ് സായി സുദര്‍ശന്‍ ഉയര്‍ത്തുന്നതാണ് പിന്നീട് കണ്ടത്. 25 പന്തിൽ നിന്ന് 28 റൺസ് നേടി നിന്ന താരം 38 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചു.
ഒപ്പം വാഷിംഗ്ടൺ സുന്ദറും മികച്ച പിന്തുണ നൽകിയപ്പോള്‍ 14ാം ഓവറിൽ ഗുജറാത്തിന്റെ ടീം സ്കോര്‍ 100 കടന്നു. സായി സുദര്‍ശനും വാഷിംഗ്ടൺ സുന്ദറും 41 പന്തിൽ 60 റൺസ് നാലാം വിക്കറ്റിൽ നേടിയപ്പോള്‍ 44 പന്തിൽ 61 റൺസ് നേടിയ സായി സുദര്‍ശനെ സാകിബ് ഹുസൈന്‍ പരാജയപ്പെടുത്തി. വാഷിംഗ്ടൺ സുന്ദര്‍ 33 പന്തിൽ 50 റൺസുമായി ഗുജറാത്തിനെ 168 റൺസിലേക്ക് എത്തിക്കുകയായിരുന്നു.