സഹതാരത്തെ ഞെട്ടിച്ച് സിംഗപ്പൂരിൽ 2019 ലെ ആദ്യ ഗ്രാന്റ്‌ പ്രീ ജയം നേടി വെറ്റൽ

22 റേസുകൾക്ക് ശേഷം തന്റെ ആദ്യ ഗ്രാന്റ്‌ പ്രീ ജയം കണ്ട് 4 തവണ ജേതാവ് ആയ സെബ്യാസ്റ്റൃൻ വെറ്റൽ. തന്റെ സഹതാരം യുവ ഡ്രൈവർ ചാൾസ് ലെക്ലെർക്കിന്‌ തുടർച്ചയായ മൂന്നാം ഗ്രാന്റ്‌ പ്രീ ജയത്തിനുള്ള അവസരം നിഷേധിച്ചു വെറ്റൽ. റേസിൽ പോൾ പൊസിഷനിൽ തുടങ്ങിയ ലെക്ലെർക്ക് ആയിരുന്നു മുന്നിൽ രണ്ടാം സ്ഥാനത്ത് വെറ്റലും പിറകെ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടനും. വെറ്റലിന്റെ കാറിന്റെ ടയർ ആദ്യം മാറ്റാനുള്ള ഫെരാരിയുടെ തീരുമാനം റേസിൽ നിർണായകമായപ്പോൾ വെറ്റൽ റേസിൽ ലീഡ് നേടി. ഈ തീരുമാനത്തോട് റേഡിയോയിൽ രൂക്ഷമായി പ്രതികരിച്ച ലെക്ലെർക്ക് തന്റെ പ്രതിഷേധം ടീമിനെ അറിയിക്കുകയും ചെയ്തു.

ഇതോടെ സെബ്യാസ്റ്റൃൻ വെറ്റൽ ഒന്നാമത് എത്തിയപ്പോൾ ലെക്ലെർക്ക് രണ്ടാമത് ആയി. നന്നായി ഡ്രൈവ്‌ ചെയ്ത റെഡ് ബുള്ളിന്റെ മാർക്ക് വെർസ്റ്റാപ്പൻ ആണ് റേസിൽ മൂന്നാമത് എത്തിയത്. മെഴ്‌സിഡസ് ഡ്രൈവർമാരായ ഹാമിൾട്ടൻ, ബോട്ടാസ് എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. നാലാമത് ആയെങ്കിലും ഡ്രൈവർമാരുടെ പോരാട്ടത്തിൽ ബോട്ടാസുമായുള്ള ലീഡ് കൂട്ടാൻ ഹാമിൾട്ടനു ആയി. നിർമാതാക്കളിൽ സമീപഭാവിയിൽ മെഴ്‌സിഡസ് ആധിപത്യം ചെറുക്കാൻ തങ്ങൾക്ക് ആവും എന്ന ശക്തമായ സൂചനയാണ് ഫെരാരി തുടർച്ചയായി നൽകുന്നത്.