ഇറ്റ് ഈസ് സ്പാ ടൈം!

ചെറുതെങ്കിലും, ഫോർമുല വൺ ഭാഷയിൽ ഒരു നീണ്ട വേനൽക്കാല ഇടവേളക്ക് ശേഷം ലോകത്തെ വേഗത കൂടിയ കാറുകളും, അവയുടെ ഡ്രൈവർമാരും വീണ്ടും ഒരു F1 സർക്യൂട്ടിലേക്ക് തിരികെ വരുന്നു. ബെൽജിയം ഗ്രാൻഡ് പ്രിയിൽ പങ്കെടുക്കാൻ ടീമുകൾ നേരത്തെ എത്തിക്കഴിഞ്ഞു. ഇന്ന് ട്രാക്കിൽ പ്രാക്റ്റീസ് സെഷന് ഡ്രൈവർമാർ ഇറങ്ങി. ഓഗസ്റ്റ് 28, ഞായറാഴ്ചയാണ് റേസ്.

ഒരു പാട് ചരിത്രമുള്ള ട്രക്കാണ് സ്പാ-ഫ്രാങ്കോർഷാംപ്സ്‌ ട്രാക്ക്. 1921ൽ ഉണ്ടാക്കിയ ഈ ട്രാക്കിൽ ആദ്യ വര്ഷം ഒരു കാർ മാത്രം പങ്കെടുക്കാൻ എത്തിയത് കൊണ്ട് റേസ് ഉപേക്ഷിക്കേണ്ടി വന്നു. അന്ന് ട്രാക്കിന് 14 കിലോമീറ്റർ നീളം ഉണ്ടായിരിന്നു. പിന്നീട് F1 റേസുകൾക്കായി ഉപയോഗിച്ച് തുടങ്ങിയ ശേഷം പലതവണ മാറ്റങ്ങൾ വരുത്തി ട്രാക്കിൻ്റെ നീളം 1979ൽ 7കിമി ആയി കുറയ്ക്കുകയാണ് ചെയ്തത്. ആദ്യകാലത്തു ട്രാക്കിൻ്റെ ഏറ്റവും താഴ്ന്ന ഭാഗവും ഉയർന്ന ഭാഗവും തമ്മിൽ 100 മീറ്ററിലേറെ ഉയര വ്യത്യാസമുണ്ടായിരുന്നു. അടുത്തുള്ള പട്ടണത്തിലെ നിരത്തുകളും ട്രാക്കിൻ്റെ ഭാഗമായിരുന്നു. അപകടകരമായ ട്രാക്ക് എന്ന് കുര്സിടി നേടിയ ട്രാക്കായി മാറി സ്പാ. 1969ൽ ട്രാക്കിലെ വളവുകൾ അപകടകാരിയാണ് എന്ന് പറഞ്ഞു ഡ്രൈവർമാർ റേസിൽ നിന്ന് മാറി നിന്ന സാഹചര്യം വരെ ഉണ്ടായി.

20220827 011034

1950ൽ ഇവിടെ തുടങ്ങിയ F1 ഗ്രാൻഡ്‌പ്രിയുടെ ഇപ്പോഴത്തെ ദൂരം 308.052കിമി, അത് ഓടി തീർക്കുവാൻ 44 ലാപ്പുകൾ എന്നിങ്ങനെയാണ് കണക്ക്. ദീർഘമായ സ്ട്രെയിറ്റ് ട്രാക്കും,വെല്ലുവിളി നിറഞ്ഞ വേഗതയേറിയ വളവുകളും ഇടചേർന്ന സ്പാ ഇന്ന് ഇത് ഡ്രൈവർമാരുടെ ഇഷ്ടപ്പെട്ട ട്രാക്കുകളിൽ ഒന്നാണ്. പക്ഷെ സർക്യൂട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകത കാരണം ചിലപ്പോൾ ട്രാക്കിൻ്റെ ഒരു ഭാഗം തീർത്തും വരണ്ടിരിക്കുമ്പോൾ മറ്റൊരു ഭാഗത്തു മഴ തകർക്കുന്നുണ്ടാകും. ഇത് ഡ്രൈവർമാരെ സംബന്ധിച്ച് വലിയൊരു പരീക്ഷണം തന്നെയാണ്.

2021ലെ ബെൽജിയം ഗ്രാൻഡ് പ്രിയാണ് ചരിത്രത്തിലെ ഏറ്റവും ചെറിയ റേസായി ഇന്ന് അറിയപ്പെടുന്നത്. കഴിഞ്ഞ വര്ഷം പ്രതികൂല കാലാവസ്ഥ കാരണം 3 ലാപ്പുകൾക്ക് ശേഷം റേസ് നിറുത്തി വയ്‌ക്കേണ്ടി വന്നു. അന്ന് ഡ്രൈവർമാർക്ക് നൽകിയ പോയിന്റുകളെ ചൊല്ലി വളരെ അധികം പ്രതിഷേധമുയരുകയും, ചെറുതാക്കപ്പെടുന്ന റേസുകൾക്ക് നൽകേണ്ട പോയിന്റുകളെ സംബന്ധിച്ചു പുതിയ നിയമങ്ങൾ എഴുതി ചേർക്കപ്പെടുകയും ചെയ്തു.

7കിമി ദൈർഘ്യമുള്ള സ്പാ-ഫ്രാങ്കോർഷാംപ്സ്‌ സർക്യൂട്ടിൽ വേഗതയുടെ രാജാക്കന്മാർ ഇറങ്ങുമ്പോൾ, ലോകം ഉറ്റു നോക്കുക റെഡ്ബുൾ കാറുകളെയാകും. വർഷത്തിൻ്റെ ആദ്യ പകുതിയിൽ നേടിയ മുൻകൈ വെസ്റ്റപ്പനും, പെരെസിനും നിലനിറുത്താൻ സാധിക്കുമോ? മെഴ്‌സിഡിസ് വണ്ടിയിൽ ലൂയി ഹാമിൽട്ടൺ തിരികെ മുന്നിലെത്തുമോ? വൈകുന്നേരങ്ങളിൽ നമ്മുടെ വീടുകളിൽ മുഴങ്ങുന്ന പോലെ, അറിയാൻ കാത്തിരിക്കുക, ഞായറാഴ്ച വൈകുന്നേരം 7.30 വരെ!