ആവേശം,വിവാദം,3 മണിക്കൂർ കാത്തിരിപ്പ് ഒടുവിൽ ആസ്ട്രിയയിൽ ജയം വേർസ്റ്റാപ്പന്റെ തന്നെ

വിവാദങ്ങൾക്കൊടുവിൽ ആസ്ട്രിയ ഗ്രാന്റ്‌ പ്രിക്സിൽ ജയം റെഡ്‌ ബുള്ളിന്റെ വേർസ്റ്റാപ്പനു. ഫോർമുല 1 ലെ ഈ സീസണിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ റെസിനാണ് ഇന്ന് ആസ്ട്രിയ സാക്ഷിയായത്. പോൾ പൊസിഷനിൽ ഒന്നാമതായി തുടങ്ങുകയും റേസിൽ ഉടനീളം മുന്നിട്ട് നിൽക്കുകയും ചെയ്ത ഫെരാരിയുടെ ചാൾസ് ലെക്ളെർക്കിനെ അവസാന ലാപ്പുകളിലാണ് വേർസ്റ്റാപ്പൻ ഓടി പിടിച്ചത്. എന്നാൽ ചാൾസിനെ മറികടന്നത് നിയമപ്രകാരമാണോ എന്ന സംശയമാണ് മത്സരഫലം 3 മണിക്കൂർ വൈകിപ്പിച്ചത്. ഒടുവിൽ തീരുമാനം വേർസ്റ്റാപ്പനു അനുകൂലമായിരുന്നു. റേസ് ട്രാക്കിന്‌ പുറത്ത് തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ഡച്ച് ആരാധകരുടെ പിന്തുണയുടെ ആവേശം വേർസ്റ്റാപ്പന്റെ ഡ്രൈവിങിലും പ്രതിഫലിച്ചു.

പോൾ പൊസിഷനിൽ രണ്ടാമതായിട്ടായിരുന്നു വേർസ്റ്റാപ്പന്റെ തുടക്കം. യോഗ്യതറേസിൽ മികച്ച രണ്ടാമത്തെ സമയം കുറിച്ചെങ്കിലും യോഗ്യത സമയത്ത് നിയമലംഘിച്ച് കാറോടിച്ചതിനാൽ 5 മതായിട്ടാണ് നിലവിലെ ചാമ്പ്യൻ ലൂയിസ് ഹാമിൾട്ടൻ തുടങ്ങിയത്. ഹാമിൾട്ടന്റെ മെഴ്‌സിഡസ് ടീം പങ്കാളി ബോട്ടാസാണ് റേസിൽ മൂന്നാമത് എത്തിയത്. ഫെരാരിയുടെ വെറ്റൽ 4 മത്തെത്തിയപ്പോൾ 5 മത് പൂർത്തിയാക്കാനെ ഹാമിൾട്ടനു ആയുള്ളൂ. ഇതോടെ നിർമാതാക്കളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ഗ്രാന്റ്‌ പ്രിക്സ് ജയം എന്ന മക്ളാരന്റെ റെക്കോർഡിനു ഒപ്പമെത്താൻ മെഴ്‌സിഡസിന് സാധിച്ചില്ല. 1988 ൽ തുടർച്ചയായ 11 റേസുകളിലാണ് മക്ളാരൻ ഒന്നാമത് എത്തിയത്.

ഈ വർഷം റെഡ് ബുള്ളിന്റെ ആദ്യജയമാണ് ഇത്. ഹോണ്ടയുടെ എൻജിനുകൾ കാറിൽ ഉപയോഗിച്ച്‌ തുടങ്ങിയ ശേഷമുള്ള ആദ്യ ജയം. 5 സീസനിലേക്കു കടന്ന വേർസ്റ്റാപ്പന്റെ കരിയറിലെ 6 മത്തെ ജയം. വേഗമേറിയ ലാപ്പും സ്വന്തമാക്കിയ വേർസ്റ്റാപ്പൻ ഇതോടെ ഡ്രൈവർമാരിൽ മൂന്നാമതെത്തി. മെഴ്‌സിഡസിന്റെ ഹാമിൾട്ടനും ബോട്ടാസും തന്നെയാണ് ഇപ്പോഴും ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 5 മതായെങ്കിലും ഇപ്പോഴും ബോട്ടാസിനെക്കാൾ 31 പോയിന്റും വേർസ്റ്റാപ്പനേക്കാൾ 71 പോയിന്റും മുന്നിലാണ് ഹാമിൾട്ടൻ. നിർമാതാക്കളുടെ മത്സരത്തിൽ മെഴ്‌സിഡസ് ഫോർമുല 1 ൽ ഇപ്പോൾ എതിരാളികളെയില്ല.

Previous articleU21 യൂറോ കിരീടമുയർത്തി സ്പെയിൻ
Next articleഅനസ് എടത്തൊടിക എ ടി കെയിലേക്ക് തന്നെ പോകും