ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ പോരാട്ടത്തിന് മുന്നോടിയായി, 17-കാരനായ ലമിൻ യാമൽ ലയണൽ മെസ്സിയുമായി തന്നെ താരതമ്യം ചെയ്യരുത് എന്ന് പറഞ്ഞു. മെസ്സിയെ ആരാധിക്കുന്നുണ്ട് എങ്കിലും, ഇതിഹാസ താരവുമായി എന്നെ താരതമ്യം ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് യമാൽ വ്യക്തമാക്കി.

മെസ്സിയെപ്പോലെ ലാ മാസിയയുടെ ഉൽപ്പന്നമായ യാമൽ, ഈ സീസണിൽ ബാഴ്സലോണയുടെ പ്രധാന താരമായി വളർന്നു.
“ഞാൻ എന്നെ ആരുമായും താരതമ്യം ചെയ്യുന്നില്ല – പ്രത്യേകിച്ചും മെസ്സിയുമായിട്ട്,” ചൊവ്വാഴ്ചത്തെ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
“ഞാൻ എല്ലാ ദിവസവും സ്വയം മെച്ചപ്പെടുത്താനും എന്റെ ഏറ്റവും മികച്ച രൂപമായിരിക്കാനും മാത്രമാണ് ശ്രദ്ധിക്കുന്നത്.” യുവതാരം പറഞ്ഞു.
“ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായു അദ്ദേഹത്തെ ഞാൻ കാണുന്നു, പക്ഷേ ഞാൻ ഞാനായിരിക്കാൻ ആണ് ശ്രമിക്കുന്നത്.”