110 കളികൾ, 0 പെനാൽട്ടി, 100 ഗോളുകൾ! ഇത് ആഴ്‌സണലിന്റെ സ്വന്തം വിവിയനെ മിയെദെമ!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്‌സണലിന് ആയി 100 ഗോളുകൾ നേടി ഡച്ച് താരവും ആഴ്‌സണൽ സൂപ്പർ താരവും ആയ വിവിയനെ മിയെദെമ. വനിത ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരത്തിൽ ചെക് ക്ലബ് ആയ സ്‌ലാവിയ പ്രാഗിന് എതിരായ 12 മിനിറ്റ് ഹാട്രിക്കിലൂടെയാണ് മിയെദെമ ക്ലബിനായി 100 ഗോളുകൾ തികച്ചത്. 60 മത്തെ മിനിറ്റിൽ തന്റെ ആദ്യ ഗോൾ കണ്ടത്തിയ മിയെദെമ 12 മിനിറ്റിനുള്ളിൽ ഹാട്രിക് പൂർത്തിയാക്കി. കിം ലിറ്റിലിന്റെ പെനാൽട്ടി കൂടിയായപ്പോൾ ആഴ്‌സണൽ 4-0 ന്റെ വലിയ വിജയം ആണ് ചെക് റിപ്പബ്ലിക്കിൽ നേടിയത്. ഇതോടെ ഇരു പാദങ്ങളിലും ആയി 7-0 ന്റെ വലിയ ജയം നേടിയ ആഴ്‌സണൽ വനിതകൾ ചെൽസിക്ക് പുറമെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കും യോഗ്യത നേടി. ഇത് ആദ്യമായാണ് 16 ക്ലബുകൾ അടങ്ങുന്ന ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ വനിത ചാമ്പ്യൻസ് ലീഗിൽ നടക്കുന്നത്. തിങ്കളാഴ്ചയാണ് ഗ്രൂപ്പ് സ്റ്റേജ് തിരഞ്ഞെടുപ്പ് നടക്കുക.20210910 235649

വനിത ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കണക്കാക്കുന്ന 25 കാരിയായ മിയെദെമ ഇംഗ്ലീഷ് വനിത സൂപ്പർ ലീഗിലെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരി കൂടിയാണ്. ആഴ്‌സണലിന് ആയി കളിച്ച 110 മത്സരങ്ങളിൽ 13 എണ്ണത്തിൽ പകരക്കാരിയായി മാത്രം ഇറങ്ങിയ മിയെദെമ ഒരു പെനാൽട്ടി പോലും ഇല്ലാതെയാണ് 100 ഗോളുകൾ എന്ന നേട്ടത്തിൽ എത്തുന്നത് എന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. സൂപ്പർ ലീഗ് ആദ്യ മത്സരത്തിൽ ചെൽസിക്ക് എതിരായ ജയത്തിലും മിയെദെമ വലിയ പങ്ക് വഹിച്ചിരുന്നു. അതേസമയം ഈ വർഷം ആഴ്‌സണലുമായുള്ള കരാർ അവസാനിക്കുന്ന മിയെദെമയെ ക്ലബിൽ നിലനിർത്താൻ ആവും ആഴ്‌സണൽ ശ്രമിക്കുക എന്നു പുതിയ പരിശീലകൻ ജൊനാസ് എഡിവാൾ പറഞ്ഞു, എന്നാൽ തങ്ങൾ താരത്തിന്റെ തീരുമാനം മാനിക്കും എന്നു പറഞ്ഞ അദ്ദേഹം തന്റെ ടീം സമീപകാലത്തെക്കാൾ വളരെ ശക്തമാണ് എന്നും കൂട്ടിച്ചേർത്തു. പുതിയ പരിശീലകന്റെ കീഴിൽ ഇത് വരെ കളിച്ച 5 മത്സരങ്ങളും ആഴ്‌സണൽ വനിതകൾ ജയിച്ചിരുന്നു.