ആവേശകരമായ ആദ്യ പകുതി, വീണ്ടും ടോട്ടൻഹാമിനെ തോൽപ്പിച്ചു ചെൽസി ലീഗിൽ ഒന്നാമത് തന്നെ

വനിത സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ടോട്ടൻഹാം വനിതകളെ തോൽപ്പിച്ചു ചെൽസി വനിതകൾ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ലണ്ടൻ ഡാർബിയിൽ ചെൽസി ജയം കണ്ടത്. ആവേശകരമായ ആദ്യ പകുതി ആണ് മത്സരത്തിൽ കണ്ടത്. മത്സരത്തിൽ 19 മത്തെ മിനിറ്റിൽ തന്നെ ചെൽസി മുന്നിലെത്തി. ജോന ആന്റേഴ്‌സന്റെ പാസിൽ നിന്നു ഹെഡറിലൂടെ ബെഥനി ഇംഗ്ലണ്ട് ആണ് ചെൽസിക്ക് ഗോൾ സമ്മാനിച്ചത്.

ആദ്യ പകുതിയിൽ തന്നെ ടോട്ടൻഹാം മത്സരത്തിൽ സമനില പിടിച്ചു. 44 മത്തെ മിനിറ്റിൽ ക്യാ സൈമണിന്റെ പാസിൽ നിന്നു കെറിയസ് ഹരോപ് ആണ് അവർക്ക് സമനില സമ്മാനിച്ചത്. എന്നാൽ ഗോൾ വഴങ്ങി തൊട്ടടുത്ത മിനിറ്റിൽ തന്നെ ചെൽസി ഗോൾ മടക്കി. കൗണ്ടർ അറ്റാക്കിൽ പെർനില ഹാർഡറിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ സാം കെർ ആണ് ചെൽസിയുടെ മറുപടി ഗോൾ സമ്മാനിച്ചത്. രണ്ടാം പകുതിയിൽ ഗോൾ പിറക്കാതിരുന്നതോടെ ചെൽസി ജയം ഉറപ്പിച്ചു. ജയത്തോടെ ലീഗിൽ രണ്ടാമതുള്ള ആഴ്‌സണലിനെതിരെ തങ്ങളുടെ മുൻതൂക്കം 4 പോയിന്റുകൾ ആയി ചെൽസി ഉയർത്തി.