പുതിയ പരിശീലകൻ ജൊനാസ് എഡിവാളിനു കീഴിൽ തുടർച്ചയായ ആറാം മത്സരവും ജയിച്ച് ആഴ്സണൽ വനിതകൾ. ചാമ്പ്യൻസ് ലീഗിൽ 4 മത്സരം ജയിച്ച ആഴ്സണൽ വനിത സൂപ്പർ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ ചെൽസിയെയും തോല്പിച്ചിരുന്നു. ഇത്തവണ റെഡിങിനു എതിരെ 4-0 ന്റെ വലിയ ജയം ആണ് ആഴ്സണൽ വനിതകൾ നേടിയത്. ഇരട്ടഗോളുകളും ആയി സൂപ്പർ താരം വിവിയനെ മിയെദെമ തിളങ്ങിയ മത്സരത്തിൽ ജെന്നിഫർ ബെറ്റി, ബെത്ത് മെഡ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ആഴ്സണൽ പൂർണ ആധിപത്യം ആണ് മത്സരത്തിൽ കാഴ്ചവച്ചത്. ആദ്യം ലഭിച്ച അവസരങ്ങൾ നിർഭാഗ്യം കൊണ്ട് ഗോൾ ആയി മാറാതിരുന്നപ്പോൾ മക്ബെയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ജെന്നിഫർ ബെറ്റിയാണ് ആഴ്സണലിന് ആദ്യ ഗോൾ സമ്മാനിക്കുന്നത്.
മികച്ച ഗോളിലൂടെ ബെത്ത് മെഡ് തുടർന്ന് ആഴ്സണലിന് രണ്ടാം ഗോൾ സമ്മാനിച്ചു. ആറു കളികളിൽ നിന്നു മെഡിന്റെ സീസണിലെ നാലാം ഗോൾ ആയിരുന്നു ഇത്. രണ്ടു മിനിറ്റിനു ശേഷം മെഡിന്റെ പാസിൽ നിന്നു മിയെദെമ തന്റെ ഗോൾ കണ്ടത്തി. രണ്ടാം പകുതിയിൽ മെഡിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ മിയെദെമ തന്നെ ആഴ്സണലിന്റെ വലിയ ജയം പൂർത്തിയാക്കി. മെഡിന്റെ സീസണിലെ ആറാം അസിസ്റ്റ് ആയിരുന്നു ഇത്. അതേസമയം കഴിഞ്ഞ മത്സരത്തിൽ ആഴ്സണലിന് ആയി 100 ഗോളുകൾ പൂർത്തിയാക്കിയ മിയെദെമയുടെ സൂപ്പർ ലീഗിലെ 63 മത്തെ ഗോളും ആയിരുന്നു ഇത്. സീസണിൽ കിരീടം തന്നെയാണ് ഈ മികച്ച ടീമിന് ഒപ്പം ആഴ്സണൽ ലക്ഷ്യം വക്കുന്നത്.