വനിത ബാലൻ ഡിയോർ നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ചു യൂറോ കപ്പ് ഉയർത്തിയ ഇംഗ്ലണ്ട് താരങ്ങൾ. യൂറോ കപ്പിലെ താരമായ ആഴ്‌സണലിന്റെ ബെത്ത് മെഡ്, ചെൽസിയുടെ മില്ലി ബ്രൈറ്റ്, ബാഴ്‌സലോണയുടെ ലൂസി ബ്രോൺസ് എന്നിവർ ആണ് പട്ടികയിൽ ഇടം പിടിച്ചത്. മുൻ ബാലൻ ഡിയോർ ജേതാവ് നോർവെയുടെ ആദ ഹെഗർബർഗ് അടക്കം അഞ്ചു ലിയോൺ താരങ്ങൾ ആണ് ബാലൻ ഡിയോർ പട്ടികയിൽ ഇടം പിടിച്ചത്. കഴിഞ്ഞ വർഷത്തെ ബാലൻ ഡിയോർ ജേതാവ് സ്പാനിഷ് താരം അലക്സിയ പുറ്റലസ് അടക്കം 6 പേർ ബാഴ്‌സലോണയിൽ നിന്നു പട്ടികയിൽ ഇടം പിടിച്ചു.
പി.എസ്.ജിയിൽ നിന്നു രണ്ടു പേർ നോമിനേഷൻ നേടിയപ്പോൾ ബെത്ത് മെഡിനു പുറമെ ആഴ്‌സണലിന്റെ ഡച്ച് സൂപ്പർ താരം വിവിയനെ മിയെദെമയും നോമിനേഷൻ സ്വന്തമാക്കി. ചെൽസിയെ വനിത സൂപ്പർ ലീഗ്, എഫ്.എ കപ്പ് ജേതാക്കൾ ആക്കിയ സ്വപ്ന പ്രകടനം പുറത്ത് എടുത്ത ഓസ്‌ട്രേലിയൻ താരം സാം കെറും ബാലൻ ഡിയോർ നോമിനേഷൻ നേടിയിട്ടുണ്ട്. ലിയോണിന്റെ അമേരിക്കൻ താരം കാതറിന മകാറിനോക്ക് പുറമെ അമേരിക്കൻ ക്ലബ് സാൻ ഡിയാഗോ വേവിന്റെ അലക്‌സ് മോർഗൻ, വാഷിങ്ടൺ സ്പിരിറ്റിന്റെ ട്രിനിറ്റി റോഡ്മാൻ എന്നിവരാണ് ബാലൻ ഡിയോർ നോമിനേഷൻ നേടിയ അമേരിക്കൻ താരങ്ങൾ.
ജർമ്മൻ ക്യാപ്റ്റൻ അലക്‌സാന്ദ്ര പോപ്പിന് പുറമെ ലെന ഓഡർഡോഫും വോൾവ്സ്ബർഗിൽ നിന്നു നോമിനേഷൻ നേടി. ലിയോണിന്റെ ചിലി താരം ക്രിസ്റ്റീൻ എന്റ്ലർ, ബാഴ്‌സലോണയുടെ നൈജീരിയൻ താരം അസിയറ്റ് ഒഷോയല, ചെൽസിയുടെ ഓസ്‌ട്രേലിയൻ താരം സാം കെർ എന്നിവർ ആണ് യൂറോപ്പ്, അമേരിക്കൻ താരങ്ങൾ അല്ലാത്ത ബാലൻ ഡിയോർ നോമിനികൾ. അതേസമയം നോമിനേഷനിൽ ഇംഗ്ലണ്ട് നായകനും ആഴ്‌സണൽ താരവും ആയ ലെയ വില്യംസണിനു നോമിനേഷൻ ലഭിക്കാത്തത് ശ്രദ്ധേയമായി.
Story highlight : Women’s Ballon d’Or nominations dominated by Lyon, Barcelona players also euro cup winning English stars.