ഫിഫ വനിത ലോകകപ്പിൽ വിജയതുടക്കവും ആയി റെക്കോർഡ് ചാമ്പ്യന്മാർ ആയ അമേരിക്ക. ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് അവർ വിയറ്റ്നാം വനിതകളെ മറികടന്നത്. മത്സരത്തിൽ വലിയ ആധിപത്യം കാണിച്ച അവർ 28 ഷോട്ടുകൾ ആണ് ഉതിർത്തത്. തന്റെ ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി ഇരട്ട ഗോളുകളും ഒരു അസിസ്റ്റും നേടിയ സോഫിയ സ്മിത്ത് ആണ് അമേരിക്കൻ ഹീറോ.

വനിത ലോകകപ്പിൽ അരങ്ങേറ്റത്തിൽ ഒന്നിൽ അധികം ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ആയി 22 കാരിയായ സോഫിയ മാറി. 14 മത്തെ മിനിറ്റിൽ അലക്‌സ് മോർഗന്റെ ബാക് ഹീൽ പാസിൽ നിന്നുമാണ് സോഫിയ തന്റെ ആദ്യ ഗോൾ നേടുന്നത്. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ സോഫിയ രണ്ടാം ഗോൾ നേടി ആദ്യം ഓഫ് സൈഡ് വിളിച്ച ഗോൾ വാർ അനുവദിക്കുക ആയിരുന്നു. 77 മത്തെ മിനിറ്റിൽ സോഫിയയുടെ പാസിൽ നിന്നു ഗോൾ നേടിയ ക്യാപ്റ്റൻ ലിന്റ്സി ഹോറൻ ആണ് അമേരിക്കൻ ജയം പൂർത്തിയാക്കിയത്.














