ജംഷദ്പൂർ: അണ്ടർ 18 വനിതാ സാഫ് കപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യൻ പെൺകുട്ടികൾ. ഇന്ന് വൈകീട്ട് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോൽപ്പിച്ചത്. അറുപത്തിമൂന്നാം മിനിറ്റിൽ നിതു ലിന്റയാണ് ഇന്ത്യക്ക് വേണ്ടി വലചലിപ്പിച്ചത്. ഈ ജയത്തോടെ ആറ് പോയിന്റുമായി ടേബിളിൽ ഒന്നാമതെത്താനും ഇന്ത്യൻ ടീമിനായി.
ഗോൾ ഒഴിഞ്ഞും, പതിഞ്ഞ താളത്തിലും നടന്ന ആദ്യ പകുതിക്ക് ശേഷം, രണ്ട് നിർണ്ണായക മാറ്റങ്ങൾ നടത്തിയ ഇന്ത്യൻ കോച്ച് ഡെന്നർബി, ഇരു വശങ്ങളിലൂടെയുമുള്ള ആക്രമണം ശക്തമാക്കി. ഒടുവിൽ 63 മിനിറ്റിൽ വലത് വശത്ത് നിന്ന് റിതു ദേവി നൽകിയ പാസ്, ബംഗ്ലാ ഗോൾകീപ്പറെ കാഴ്ചക്കാരിയാക്കി ഒരു ടാപ്പിനിലൂടെ നിതു ലിന്റ വലയിലാക്കി. മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. ആദ്യ മത്സരം 7 ഗോളുകൾക്ക് നേപ്പാളിനെ ഇന്ത്യ തകർത്ത് വിട്ടിരിന്നു. മാർച്ച് 21ന് നേപ്പാളുമായി തന്നെയാണ് ഇന്ത്യക്ക് ഇനി അടുത്ത മത്സരം.













