റെക്കോർഡ് ലോക ചാമ്പ്യന്മാർ ആയ അമേരിക്കയെ പ്രീ ക്വാർട്ടർ ഫൈനലിൽ അട്ടിമറിച്ച സ്വീഡൻ ക്വാർട്ടർ ഫൈനലിൽ 2011 ലെ ലോക ചാമ്പ്യന്മാർ ആയ ജപ്പാനെയും അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സ്വീഡൻ ജയം കണ്ടത്. മത്സരത്തിൽ നേരിയ മുൻതൂക്കം സ്വീഡന് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പലപ്പോഴും ജപ്പാൻ സ്വീഡിഷ് പ്രതിരോധം പരീക്ഷിച്ചു. മത്സരത്തിൽ 32 മത്തെ മിനിറ്റിൽ ആഴ്സണൽ പ്രതിരോധ താരം അമാന്ത ഇലസ്റ്റെഡ് ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ ഗോൾ നേടി.
മൂന്നു തവണ സ്വീഡിഷ് ഷോട്ടുകൾ ജപ്പാനീസ് പ്രതിരോധം തടഞ്ഞെങ്കിലും ടൂർണമെന്റിലെ തന്റെ നാലാം ഗോൾ നേടിയ അമാന്ത അവരെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 51 മത്തെ മിനിറ്റിൽ വാർ പരിശോധനക്ക് ശേഷം ഫുക നഗനോയുടെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട മാഞ്ചസ്റ്റർ സിറ്റി താരം ഫിലിപ്പ സ്വീഡന് രണ്ടാം ഗോൾ സമ്മാനിച്ചു. സെറ്റ് പീസുകളിൽ ജപ്പാനീസ് താരങ്ങളുടെ ഉയരക്കുറവ് സ്വീഡൻ നന്നായി മുതലെടുത്തു. തുടർന്ന് എല്ലാം മറന്നു ആക്രമിക്കുന്ന ജപ്പാനെ ആണ് കളിയിൽ കണ്ടത്.
76 മത്തെ മിനിറ്റിൽ തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി പക്ഷെ റിക്കോ ഉയെകിക്ക് ലക്ഷ്യം കാണാൻ ആയില്ല. താരത്തിന്റെ പെനാൽട്ടി ബാറിൽ ഇടിച്ചു മടങ്ങുക ആയിരുന്നു. 87 മത്തെ മിനിറ്റിൽ ഫ്രീകിക്കിൽ നിന്നുള്ള ഫുജിനോയുടെ ഷോട്ട് ബാറിൽ തട്ടി മടങ്ങി. തുടർന്ന് ലഭിച്ച റീബോണ്ട് ലക്ഷ്യം കണ്ട പകരക്കാരിയായി ഇറങ്ങിയ ഹാനോക ഹയാഷി ജപ്പാന് ആയി ഒരു ഗോൾ മടക്കി. തുടർന്ന് നിരന്തരമുള്ള ജപ്പാനീസ് ആക്രമണങ്ങൾ ആണ് കാണാൻ ആയത്. എന്നാൽ ഇതെല്ലാം പ്രതിരോധിച്ചു സ്വീഡൻ സെമിഫൈനൽ ഉറപ്പിക്കുക ആയിരുന്നു. സെമിയിൽ സ്പെയിൻ ആണ് സ്വീഡന്റെ എതിരാളികൾ. ജപ്പാൻ കൂടി പുറത്ത് ആയതോടെ ഈ ലോകകപ്പിൽ പുതിയ ലോക ചാമ്പ്യൻ ഉണ്ടാവും എന്ന കാര്യം ഉറപ്പായി.