സൂപ്പർ സബ്ബായി ഹന്ന, സ്വീഡന് വിജയം

വനിതാ യൂറോ കപ്പിൽ ഗ്രൂപ്പ് സിയിൽ സ്വീഡൻ ഒന്നാം സ്ഥാനത്ത്. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സ്വിറ്റ്സർലാന്റിനെ മറികടന്നാണ് സ്വീഡൻ മൂന്ന് പോയിന്റ് സ്വന്തമാക്കിയത്‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്വീഡന്റെ വിജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ റോൾഫോ സ്വീഡന് ലീഡ് നൽകി. രണ്ട് മിനുട്ടുകൾക്ക് അപ്പുറം ബാച്മാനിലൂടെ സ്വിറ്റ്സർലാന്റ് സമനില കണ്ടെത്തി.

വീണ്ടും ഒരു സമനില ഭയന്ന സ്വീഡനെ രക്ഷിച്ചത് സബ്ബായി എത്തിയ 19കാരി ഹന്ന ബെന്നിസൺ ആണ്. എവർട്ടണായി കളിക്കുന്ന ഹന്ന സബ്ബായി വന്ന് 79ആം മിനുട്ടിൽ ഒരു സ്ക്രീമറിലൂടെ സ്വീഡനായി വിജയ ഗോൾ നേടി. ഈ ജയത്തോടെ സ്വീഡന് 2 മത്സരങ്ങളിൽ നിന്ന് നാലു പോയിന്റ് ആയി. സ്വിറ്റ്സർലാന്റിന് 1 പോയിന്റ് മാത്രമേ ഉള്ളൂ‌. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ ആകും സ്വീഡൻ നേരിടുക.