വനിത ലോകകപ്പിൽ മൂന്നാം സ്ഥാനക്കാർക്ക് ആയുള്ള പോരാട്ടത്തിൽ ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു സ്വീഡൻ. ലോകകപ്പിൽ ഇത് നാലാം തവണയാണ് സ്വീഡൻ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്. അതേസമയം ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായാണ് അവർ ലോകകപ്പിൽ നാലാം സ്ഥാനത്ത് എത്തുന്നത്. സ്വീഡന് നേരിയ മുൻതൂക്കം ഉണ്ടായ മത്സരത്തിൽ തുടക്കത്തിൽ ലഭിച്ച അവസരങ്ങൾ ഓസ്ട്രേലിയക്ക് മുതലാക്കാൻ ആയില്ല. 30 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടിയിലൂടെയാണ് സ്വീഡൻ മത്സരത്തിൽ മുന്നിൽ എത്തിയത്.
ആഴ്സണൽ താരം സ്റ്റിന ബ്ലാക്ക്സ്റ്റെനിയൻസിനെ വീഴ്ത്തിയതിന് വാർ പരിശോധനക്ക് ശേഷമാണ് റഫറി പെനാൽട്ടി അനുവദിച്ചത്. പെനാൽട്ടി എടുത്ത ബാഴ്സലോണ താരം റോൽഫോ അനായാസം പെനാൽട്ടി ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ കൗണ്ടർ അറ്റാക്കിൽ നിന്നു എ.സി മിലാൻ താരം അസ്ലാനി നേടിയ ഉഗ്രൻ ഗോളിൽ സ്വീഡൻ ജയം ഉറപ്പിക്കുക ആയിരുന്നു. താൻ തന്നെ തുടങ്ങിയ നീക്കത്തിന് ഒടുവിൽ ബ്ലാക്ക്സ്റ്റെനിയൻസിന്റെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് ഉഗ്രൻ അടിയിലൂടെ അസ്ലാനി സ്വീഡന്റെ രണ്ടാം ഗോൾ നേടുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയി ഓസ്ട്രേലിയ സാം കെറിന്റെ നേതൃത്വത്തിൽ ശ്രമിച്ചു എങ്കിലും സ്വീഡിഷ് പ്രതിരോധം വിട്ട് കൊടുത്തില്ല.