സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ലൂയിസ് റുബിയാലസ് ഒഴിയുന്നത് വരെ ഒരു മത്സരവും കളിക്കില്ലെന്നു ഒരുമിച്ച് തീരുമാനം എടുത്തു ലോകകപ്പ് നേടിയ സ്പാനിഷ് വനിത ടീം. ലോകകപ്പ് നേടിയ 23 അംഗങ്ങൾക്ക് പുറമെ 56 വനിത താരങ്ങളും ഒപ്പിട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആണ് സ്പാനിഷ് വനിത ടീം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സ്പാനിഷ് താരം ജെന്നി ഹെർമാസോയെ സമ്മതത്തോടെ ആണ് ചുംബിച്ചത്, തനിക്ക് എതിരെ നടക്കുന്ന നീക്കം കപട ഫെമിനിസം ആണ് എന്ന് തുടങ്ങിയ റുബിയാലസിന്റെ വാദങ്ങൾക്ക് എതിരെ ജെന്നി ഹെർമാസോയും രംഗത്ത് വന്നു.
തന്നെ അപ്രതീക്ഷിതമായി സമ്മതം ഇല്ലാതെയാണ് റുബിയാലസ് ചുംബിച്ചത് എന്നു പറഞ്ഞ ഹെർമാസോ ഇത്തരം ന്യായീകരണങ്ങൾ നൽകാൻ ഒരു സ്ത്രീയും നിർബന്ധിത ആവരുത് എന്നും കൂട്ടിച്ചേർത്തു. അതേസമയം സ്പാനിഷ് സർക്കാരിലെ വലിയ വിഭാഗം റുബിയാലസിന് എതിരെ രംഗത്ത് വന്നിരുന്നു. അതോടൊപ്പം റുബിയാലസിന് എതിരായ പ്രതിഷേധം കാരണം ചില സ്പാനിഷ് ഫെഡറേഷൻ അംഗങ്ങൾ രാജിയും വെച്ചിരുന്നു. ഇതിനു പുറമെ ഫിഫയും റുബിയാലസിന് എതിരായ അന്വേഷണവും ശിക്ഷാനടപടിയും തുടങ്ങിയിട്ടുണ്ട്. നിലവിൽ രാജ്യത്തിനു അകത്തും പുറത്തും നടക്കുന്ന ഈ കടുത്ത പ്രതിഷേധങ്ങൾ റുബിയാലസ് അതിജീവിക്കുമോ എന്നത് കണ്ടറിയാം.