മൂന്നാം യൂറോ കപ്പ്! അഞ്ചാം മേജർ ടൂർണമെന്റ് ഫൈനൽ! ഒരേയൊരു സറീന വിങ്മാൻ!

Wasim Akram

Picsart 25 07 28 01 30 19 743
Download the Fanport app now!
Appstore Badge
Google Play Badge 1

വിസ്മയം എന്നു മാത്രം വിളിക്കാവുന്ന തന്റെ പരിശീലന കരിയറിൽ മറ്റൊരു പൊൻതൂവൽ കൂടി എഴുതി ചേർത്തു ഇംഗ്ലണ്ടിന്റെ ഡച്ച് പരിശീലക സറീന വിങ്മാൻ. തുടർച്ചയായ മൂന്നാം യൂറോ കപ്പ് ആണ് സറീന ഈ വർഷത്തെ ജയത്തോടെ നേടുന്നത്. 2017 ൽ ഡച്ച് ടീമിനെയും 2022 ൽ ഇംഗ്ലണ്ടിനെയും പരാജയം അറിയാതെ കിരീടത്തിലേക്ക് നയിച്ച സറീനക്ക് പക്ഷെ ഇത്തവണ ആദ്യ മത്സരത്തിൽ തന്നെ പരാജയം നേരിട്ടു. എന്നാൽ ഫ്രാൻസിനു എതിരെ നേരിട്ട ആ പരാജയത്തിൽ നിന്നു ഉയിർത്തെഴുന്നേറ്റ ഇംഗ്ലണ്ട് ടൂർണമെന്റ് അവസാനിക്കുമ്പോൾ കിരീടം ഉയർത്തിയാണ് മടങ്ങുന്നത്. മൂന്നാം യൂറോ കപ്പ് കിരീടം നേടിയ സറീന 2019 ൽ ഡച്ച് ടീമിനെയും 2023 ൽ ഇംഗ്ലണ്ട് ടീമിനെയും ഫൈനലിലും എത്തിച്ചിരുന്നു. ജർമ്മനിയുടെ ജെറോ ബിസാൻസ്, ടിന തെനെ എന്നിവർക്ക് ശേഷം തുടർച്ചയായി മൂന്നു യൂറോ കപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ പരിശീലക കൂടിയാണ് സറീന.

സറീന

തന്റെ കടുത്ത രീതികൾ കൊണ്ടും ചിട്ടയായ പരിശീലന മുറ കൊണ്ടും ശ്രദ്ധേയയായ സറീന മധ്യനിര താരമായി തുടങ്ങി പിന്നീട് പ്രതിരോധതാരമായ താരമാണ്. 99 തവണ ഹോളണ്ടിനു ആയി കളിച്ച താരം കരിയർ അവസാനിപ്പിച്ച ശേഷം പരിശീലക വേഷത്തിൽ എത്തുക ആയിരുന്നു. സഹ പരിശീലക ആയും താൽക്കാലിക പരിശീലക ആയും ജോലി ചെയ്ത ശേഷം 2017 യൂറോ കപ്പിന് 6 മാസം മുമ്പാണ് ഹോളണ്ട് പരിശീലകയായി സറീന എത്തുന്നത്. 5 ൽ 4 സൗഹൃദ മത്സരവും തോറ്റ് നിന്ന ആത്മവിശ്വാസം ഒട്ടും ഇല്ലാത്ത ഡച്ച് ടീമിനെക്കൊണ്ടു ചരിത്രം എഴുതിക്കുന്ന സറീനയെ ആണ് പിന്നീട് കാണാൻ ആയത്. 2017 ൽ എല്ലാ മത്സരവും ജയിച്ച സെറീനയുടെ ഡച്ച് ടീം ഡെന്മാർക്കിനെ ഫൈനലിൽ 4-2 നു തോൽപ്പിച്ചു കിരീടവും ഉയർത്തി. ഹോളണ്ട് വനിത ഫുട്‌ബോളിൽ നേടുന്ന ആദ്യ വലിയ കിരീട നേട്ടവും യൂറോപ്യൻ കിരീടവും ആയിരുന്നു അത്. 1988 ൽ പുരുഷ ടീം യൂറോ കപ്പ് ജയിച്ച ശേഷം ഹോളണ്ട് ഫുട്‌ബോൾ നേടുന്ന വലിയ നേട്ടവും അത് തന്നെയായിരുന്നു. ആ വർഷം ഫിഫ യുടെ ലോകത്തിലെ ഏറ്റവും മികച്ച വനിത പരിശീലകക്ക് ഉള്ള പുരസ്കാരവും മറ്റാർക്കും ആയിരുന്നില്ല. 2019 ലോകകപ്പിൽ ഹോളണ്ടിനെ ഫൈനലിൽ എത്തിക്കാൻ ആയെങ്കിലും സറീനയുടെ ഡച്ച് ടീം അമേരിക്കൻ കരുത്തിനു മുമ്പിൽ വീണു പോയി. ഡച്ച് ഫുട്‌ബോളിന് നൽകിയ സംഭാവനകൾക്ക് സറീനക്ക് നിരവധി പുരസ്കാരങ്ങൾ ആണ് ഡച്ച് ഫുട്‌ബോൾ അസോസിയേഷനും രാജ്യവും നൽകിയത്.

സറീന

2020 അഗസ്റ്റിന് ആണ് സറീന 2021 സെപ്റ്റംബർ മുതൽ ഇംഗ്ലണ്ട് വനിത ടീം പരിശീലക ആവും എന്നു ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷൻ അറിയിക്കുന്നത്. ഫിൽ നെവിലിൽ നിന്നു സ്ഥാനം ഏറ്റെടുത്ത സറീന ഇംഗ്ലീഷ് ടീം പരിശീലക/പരിശീലകൻ ആവുന്ന ഇംഗ്ലീഷുകാരിയല്ലാത്ത ആദ്യ വ്യക്തി കൂടിയായിരുന്നു. തുടർന്ന് കണ്ടത് ഇംഗ്ലണ്ട് ഫുട്‌ബോൾ ചരിത്രത്തിലെ സുവർണ കാലം ആയിരുന്നു. 2022 യൂറോ കപ്പ് ഫൈനലിൽ ജർമ്മനിക്ക് മേൽ ജയം 1966 ലെ പുരുഷ ലോകകപ്പ് നേട്ടത്തിന് ശേഷം ഇംഗ്ലണ്ടിന് ഒരു പ്രധാന കിരീടനേട്ടം സറീന സമ്മാനിച്ചു. തുടർന്നു 2023 ലോകകപ്പ് ഫൈനലിലും അവരെ എത്തിക്കാൻ ആയെങ്കിലും ഫൈനലിൽ സ്പെയിനിന് മുമ്പിൽ ഇംഗ്ലണ്ട് വീണു. ഇത്തവണ യൂറോ കപ്പിൽ പരിചയസമ്പത്തിനു ഒപ്പം യുവത്വത്തിനും പ്രാധാന്യം നൽകിയാണ് സറീന ടീം ഒരുക്കിയത്. 19 കാരിയായ ഇംഗ്ലണ്ടിന്റെ ആഴ്‌സണൽ താരം മിഷേൽ അഗ്‌യേമാങ് ടൂർണമെന്റിലെ യുവതാരമായത് ഇതിനു തെളിവ് ആയിരുന്നു. ആദ്യ കളി തോറ്റെങ്കിലും പതിവിനു വിപരീതമായി കടുത്ത പോരാട്ടങ്ങളും വിമർശനങ്ങളും നേരിട്ടെങ്കിലും യൂറോ കപ്പ് കിരീടം നീട്ടിക്കൊണ്ടു സറീന ഇതിനു ഒക്കെ മറുപടി പറഞ്ഞു. 2 തവണ ഒരിക്കൽ അമേരിക്കക്കും പിന്നീട് സ്പെയിനിനും മുമ്പിൽ കൈവിട്ട ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് 2027 ൽ ബ്രസീലിൽ നേടി നൽകുക തന്നെയാവും സറീനയുടെ അവശേഷിക്കുന്ന വലിയ സ്വപ്നം എന്നുറപ്പാണ്.