ഇംഗ്ലണ്ട് സ്‌ട്രൈക്കർ അലസ്സിയ റൂസ്സോ ആഴ്‌സണലിൽ പുതിയ കരാർ ഒപ്പ് വെച്ചു. അടുത്ത വർഷം കരാർ അവസാനിക്കാൻ ഇരുന്ന 26 കാരി ദീർഘകാല കരാറിന് ആണ് ഒപ്പ് വെച്ചത്. 2023 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ കഴിഞ്ഞ ശേഷം ആഴ്‌സണലിൽ ഫ്രീ ട്രാൻസ്ഫറിൽ എത്തിയ റൂസ്സോ അതുഗ്രൻ പ്രകടനം ആണ് ടീമിന് ആയി നടത്തിയത്. കഴിഞ്ഞ സീസണിൽ ആഴ്‌സണലിന് ചാമ്പ്യൻസ് ലീഗ് നേടി നൽകുന്നതിൽ താരം വലിയ പങ്ക് ആണ് വഹിച്ചത്.
ഇത് വരെ ആഴ്‌സണലിന് ആയി 72 മത്സരങ്ങളിൽ നിന്നു 36 ഗോളുകൾ നേടിയ താരം കഴിഞ്ഞ സീസണിൽ വനിത സൂപ്പർ ലീഗിൽ ടോപ്പ് സ്‌കോറർ കൂടി ആയിരുന്നു. ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് ടീം ഓഫ് ദി സീസണിൽ ഇടം പിടിച്ച റൂസ്സോ ഇംഗ്ലണ്ടിന് യൂറോ കപ്പ് നേടി നൽകുന്നതിലും പ്രധാന പങ്ക് വഹിച്ചു. ബാലൻ ഡിയോർ സാധ്യത പട്ടികയിലും നിലവിൽ വലിയ സാധ്യത താരത്തിന് ഉണ്ട്. ആഴ്‌സണലിന് ലീഗ് കിരീടം നേടി നൽകാൻ ആവും റൂസ്സോയും സഹതാരങ്ങളും ഇനി ശ്രമിക്കുക. നാളെ തുടങ്ങുന്ന വനിത സൂപ്പർ ലീഗിൽ ലണ്ടൻ സിറ്റി ലയണൻസ് ആണ് ആഴ്‌സണലിന്റെ ആദ്യ മത്സരത്തിലെ എതിരാളികൾ.