സ്പാനിഷ് ഫുട്ബോളിനെ വീണ്ടും നാണക്കേടിലേക്ക് തള്ളി വിട്ട് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റുബിയാലസ്. സ്പെയിൻ വനിതകളുടെ ലോകകപ്പ് വിജയത്തിന് ശേഷം സ്പാനിഷ് താരം ജെന്നി ഹെർമാസോയെ ബലം പ്രയോഗിച്ച് ചുംബിച്ച റുബിയാലസിന് എതിരെ കനത്ത പ്രതിഷേധങ്ങൾ ആണ് ഉയർന്നത്. തുടർന്ന് ഇന്ന് നടക്കുന്ന യോഗത്തിന് ശേഷം റുബിയാലസ് രാജി പ്രഖ്യാപിക്കും എന്നായിരുന്നു വാർത്തകൾ. എന്നാൽ ഫെഡറേഷൻ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ച റുബിയാലസ് താൻ രാജി വെക്കില്ല എന്നു ആക്രോശിക്കുക ആയിരുന്നു.
ഹെർമാസോയുടെ സമ്മതത്തോടെ താരം മുൻ കൈ എടുത്താണ് താൻ താരത്തെ ചുംബിച്ചത് എന്നു പറഞ്ഞ റുബിയാലസ് അത് വലിയ ചുംബനം അല്ല എന്നും കപട ഫെമിനിസ്റ്റുകൾ ആണ് പ്രശ്നം ഉണ്ടാക്കുന്നത് എന്നും ആരോപിച്ചു. ഒപ്പം വനിത ഫുട്ബോൾ പരിശീലകൻ ഹോർഹെ വിൽഡക്ക് 2 മില്യൺ യൂറോ വാർഷിക വരുമാനത്തിൽ നാലു വർഷത്തെ കരാറും റുബിയാലസ് പരസ്യമായി ഓഫർ ചെയ്തു. താൻ രാജി വെക്കില്ല എന്നു റുബിയാലസ് പ്രഖ്യാപിക്കുമ്പോൾ സ്പാനിഷ് പുരുഷ, വനിത പരിശീലകർ അടക്കമുള്ള ഭൂരിഭാഗം അംഗങ്ങളും കയ്യടിക്കുക ആണ് എന്നത് സ്പെയിനിന് വലിയ നാണക്കേട് ഉണ്ടാക്കി.