ചരിത്രം കുറിച്ച് ഓറഞ്ച് പട, ലോകകപ്പ് സെമിയിൽ

- Advertisement -

ഫിഫ വനിത ലോകകപ്പ് ഫുട്‌ബോളിൽ ഇറ്റലിയെ തോൽപ്പിച്ച് നെതർലെന്റ് സെമിഫൈനലിൽ എം ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് നിലവിലെ യൂറോകപ്പ് ജേതാക്കൾ കൂടിയായ നെതർലെന്റ് ലോകകപ്പ് സെമിയിൽ എത്തുന്നത്. എതിരില്ലാത്ത 2 ഗോളുകൾക്കായിരുന്നു ഹോളണ്ടിന്റെ ജയം. ആദ്യമായി ക്വാട്ടറിലെത്തിയത്തിന്റെ സമ്മർദമൊന്നും കാണിക്കാതെ കളിച്ച ഓറഞ്ച് പട രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും നേടിയത്‌. ആദ്യപകുതിയിൽ ഹോളണ്ട് ബോൾ കയ്യിൽ വാക്കുന്നതിൽ മുൻതൂക്കം പാലിച്ചെങ്കിലും 8 യുവന്റെസ് താരങ്ങളടങ്ങിയ ഇറ്റലിയാണ്‌ അവസരങ്ങൾ സൃഷ്ടിച്ചത്. മത്സരത്തിന്റെ 17 മിനിറ്റിൽ ലഭിച്ച സുവർണാവസരം ഇറ്റാലിയൻ താരം ബെർഗ്ഗമാച്ചി കളഞ്ഞു കുളിക്കുകയും ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കം മുതലെ നിരന്തരം ആക്രമണങ്ങൾ തൊടുത്തു വിട്ടു ഹോളണ്ട്. 57 മിനിറ്റിൽ വാൻ ഡെ ഡാന്റെ ഷോട്ട് ബാറിൽ തട്ടി മടങ്ങിയപ്പോൾ 62 മിനിറ്റിൽ സ്പിറ്റ്സെയുടെ ഫ്രീകിക്ക് ഗോളിനെ തൊട്ടുരുമ്പി പുറത്തേക്ക്‌ പോയി. എന്നാൽ 70 മിനിറ്റിൽ ഡച്ച് പട അർഹിച്ച ഗോൾ വന്നു. സ്പിറ്റ്സെയുടെ അതിമനോഹരമായ ഫ്രീകിക്ക്‌ ഒന്നു വഴിതിരിച്ച് വലയിലാക്കേണ്ട പണിയെ ഡച്ച് മുന്നേറ്റ താരം ഡിയമേക്ക് ഉണ്ടായിരുന്നു. ഹോളണ്ടിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരിയുടെ ഈ ലോകകപ്പിലെ 4 മതത്തെ ഗോൾ. ഗോളിന് ശേഷം വീണ്ടും ആക്രമണങ്ങൾക്കു മൂർച്ച കൂട്ടിയ ഡച്ച് പടക്കായി ജയമുറപ്പിച്ച രണ്ടാം ഗോൾ അടുത്ത് തന്നെ വന്നു. വീണ്ടും സ്പിറ്റ്സെയുടെ ലക്ഷണമൊത്ത ഫ്രീകിക്ക് ഒന്നു തല വെക്കേണ്ട ആവശ്യമെ ഡച്ച് പ്രതിരോധ താരം വാൻ ഡർ ഗ്രാട്ടിനു ഉണ്ടായിരുന്നുള്ളു.

രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയ സ്പിറ്റ്സെയുടെ മധ്യനിരയിലെ പ്രകടനമായിരുന്നു മത്സരത്തിൽ ഡച്ച് പടക്കു ജയം സമ്മാനിച്ചത്‌. രണ്ടാം ഗോളിന് ശേഷം തിരിച്ചു വരാനുള്ള വലിയ ശ്രമമൊന്നും ഇറ്റലിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഈ ലോകകപ്പിൽ ഉടനീളം രണ്ടാം പകുതിയിൽ ഉണർന്നു കളിക്കുന്ന പതിവ് ഇത്തവണയും ഡച്ച് പട നിലനിർത്തിയത്തിന്റെ ഫലമായിരുന്നു രണ്ട് ഗോളുകളും. ലോകകപ്പിൽ ഇത് വരെ അടിച്ച 9 ഗോളുകളിൽ 7 എണ്ണവും ഹോളണ്ട് അടിച്ചത് മത്സരത്തിന്റെ രണ്ടാം പകുതിയിലാണെന്നത് ശ്രദ്ധേയമാണ്. സെമിയിൽ സ്വീഡൻ, ജർമ്മനി മത്സര വിജയികളെയാവും നെതിർലെന്റ്സ് നേരിടുക. ജയത്തോടെ ഒളിമ്പിക്സ് യോഗ്യത നേടാനും ഡച്ച് പടക്കു സാധിച്ചു.

Advertisement