2020 ഒളിമ്പിക്സ് ഫുട്ബോളിനായുള്ള രണ്ടാം ഘട്ട യോഗ്യതാ റൗണ്ട് കടക്കണമെങ്കിൽ ഇന്ത്യക്ക് ഗ്രൂപ്പിലെ അവസാന മത്സരം വിജയിച്ചെ പറ്റൂ. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചെങ്കിലും ഇന്ത്യ ഇപ്പോഴും രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഗ്രൂപ്പിൽ നിന്ന് ഒരു ടീം മാത്രമെ മൂന്നാം റൗണ്ടിലേക്ക് കടക്കുകയുള്ളൂ. രണ്ടിൽ രണ്ട് വിജയവുമായി 6 പോയന്റ് തന്നെ ഉള്ള മ്യാന്മാറാണ് ഗ്രൂപ്പിൽ ഒന്നാമത്. മികച്ച ഗോൾ ഡിഫറൻസ് ആണ് മ്യാന്മാറിനെ മുന്നിൽ എത്തിക്കുന്നത്.
ഏപ്രിൽ 9ന് മ്യാന്മാറിനെതിരെ ആണ് ഇന്ത്യയുടെ അവസാന മത്സരം. അന്നു ജയിച്ചാൽ മാത്രമെ ഇന്ത്യക്ക് മൂന്നാം റൗണ്ടിലേക്ക് കടക്കാൻ പറ്റൂ. ചരിത്രത്തിൽ ഇതുവരെ ഇന്ത്യൻ ഒളിമ്പിക് യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിൽ കടന്നിട്ടില്ല. മ്യാന്മാറിനെതിരെ മുമ്പ് മത്സരിച്ചപ്പോൾ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മ്യാന്മാർറ്റിൽ വെച്ചാണ് മത്സരം എന്നതും അവർക്ക് മുൻ തൂക്കം നൽകുന്നു. എങ്കിലും ഇന്ത്യക്ക് പുതിയ ചരിത്രമെഴുതാൻ കഴിയും എന്നാണ് മെയ്മോൾ റോക്കിയും സംഘവും വിശ്വസിക്കുന്നത്.