നിലവിലെ ജേതാക്കളായ ചെൽസിയെ അട്ടിമറിച്ചു വനിത സൂപ്പർ ലീഗിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ചു ലിവർപൂൾ

ഇംഗ്ലീഷ് വനിത സൂപ്പർ ലീഗിലേക്ക് പ്രമോഷൻ ലഭിച്ചു വന്നുള്ള തിരിച്ചു വരവിൽ നിലവിലെ ജേതാക്കൾ ആയ ചെൽസിയെ അട്ടിമറിച്ചു ലിവർപൂൾ വനിതകൾ. മൂന്നു പെനാൽട്ടി ഗോളുകൾ കണ്ട മത്സരത്തിൽ 2-1 നു ആണ് ലിവർപൂൾ ചെൽസിയെ അട്ടിമറിച്ചത്. റെക്കോർഡ് കാണികൾക്ക് മുന്നിൽ തുടക്കത്തിൽ ലിവർപൂളിന് പിഴച്ചു. ഒരു മിനിറ്റ് ആവും മുമ്പ് അവർ പെനാൽട്ടി വഴങ്ങി. അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട ഫ്രാൻ കിർബി ചെൽസിക്ക് മുൻതൂക്കം സമ്മാനിച്ചു. തുടർന്നു അവസരങ്ങൾ മുതലാക്കാൻ ആവാത്തത് ചെൽസിക്ക് തിരിച്ചടിയായി.

ലിവർപൂൾ

രണ്ടാം പകുതിയിൽ മില്ലി ബ്രൈറ്റിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി 67 മത്തെ മിനിറ്റിൽ തന്റെ സൂപ്പർ ലീഗ് അരങ്ങേറ്റത്തിൽ അമേരിക്കൻ താരം കേറ്റി സ്റ്റെൻഗൽ ഗോൾ ആക്കി മാറ്റി. വിജയഗോളിന് ആയി ആക്രമിച്ചു കളിച്ച ലിവർപൂൾ ഒരു പെനാൽട്ടി കൂടി നേടിയപ്പോൾ 87 മത്തെ മിനിറ്റിൽ കേറ്റി ലിവപൂളിന് ജയം സമ്മാനിച്ചു. അടുത്ത ആഴ്ച നടക്കുന്ന എവർട്ടണിനു എതിരായ ഡാർബിക്ക് മുമ്പ് ജയം ലിവർപൂളിന് വലിയ ആത്മവിശ്വാസം പകരും. ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ ആസ്റ്റൺ വില്ല ആവേശപോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 4-3 വീഴ്ത്തി. അതേസമയം ടോട്ടൻഹാം ലെസ്റ്റർ സിറ്റിയെ 2-1 നു തോൽപ്പിച്ചപ്പോൾ വെസ്റ്റ് ഹാം എവർട്ടണിനെ ഒരു ഗോളിന് മറികടന്നു.