കൊളംബിയക്ക് ആയി ഈ വനിത ലോകകപ്പിൽ ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയക്ക് എതിരെ ഗോൾ നേടിയ ലിന്റ കൈസെദോ കുറിക്കുന്നത് ആർക്കും പ്രചോദനം ആവുന്ന പുതുചരിത്രം ആണ്. വെറും 18 വയസ്സിനുള്ളിൽ കൊളംബിയൻ താരം കീഴടക്കുന്ന ഉയരങ്ങൾ അസാധ്യമായത് തന്നെയാണ്. ഇതിനകം തന്നെ വനിത ഫുട്‌ബോലിലെ ഒരു സൂപ്പർ താരം എന്ന നിലയിൽ ലിന്റ ഉയർന്നു കഴിഞ്ഞു.
15 മത്തെ വയസ്സിൽ അണ്ഡാശയ കാൻസർ അതിജീവിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്ന ലിന്റ തുടർന്ന് കീഴടക്കിയത് ഫുട്‌ബോൾ ലോകം തന്നെയാണ്. 2022 ൽ കോപ്പ അമേരിക്കയിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലിന്റയെ തുടർന്ന് സ്വന്തം ടീമിൽ എത്തിക്കുന്നത് സാക്ഷാൽ റയൽ മാഡ്രിഡ് ആയിരുന്നു. 2022 ൽ അണ്ടർ 17, അണ്ടർ 20 ലോകകപ്പുകളിൽ കൊളംബിയക്ക് ആയി ഗോൾ നേടിയ ലിന്റ ഇപ്പോൾ വനിത ലോകകപ്പിലും വല കുലുക്കി.
17 വയസ്സിൽ ലോകകപ്പിൽ ഗോൾ നേടിയ ബ്രസീൽ ഇതിഹാസം മാർത്തക്ക് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ലിന്റയാണ്. വനിത ഫുട്‌ബോളിൽ തന്റെ ഇടം ഇതിനകം ഉറപ്പിച്ച ലിന്റ കാൻസറിനെ കീഴടക്കിയ പോലെ ലോകത്തെ തന്നെ കീഴടക്കാൻ ആണ് നിലവിൽ ഒരുങ്ങുന്നത്. ലിന്റയുടെ മികവിൽ ലോകകപ്പിൽ ചരിത്രം കുറിക്കാൻ ആവും കൊളംബിയൻ ശ്രമം. നിലവിൽ ദക്ഷിണ കൊറിയക്ക് ഒപ്പം ജർമ്മനിയും മൊറോക്കോയും അടങ്ങിയ ഗ്രൂപ്പിൽ നിന്നു അവസാന പതിനാറിൽ എത്താൻ കൊളംബിയക്ക് പ്രയാസം കാണില്ല.