ആഴ്‌സണലിനും ഇംഗ്ലണ്ടിനും വലിയ തിരിച്ചടിയായി പ്രതിരോധതാരം ലീ വില്യംസണിന്റെ പരിക്ക്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിൽ 10 മത്തെ മിനിറ്റിൽ ലീ വില്യംസൺ പരിക്കേറ്റു പുറത്ത് പോവുക ആയിരുന്നു. കാലു മുട്ടിനു ഗുരുതര പരിക്ക് ആണെന്ന് ആണ് ആദ്യ സൂചന. ആദ്യം സ്ട്രക്ച്ചർ ആവശ്യമായെങ്കിലും പിന്നീട് ആഴ്‌സണൽ മെഡിക്കൽ ടീമിന്റെ സഹായത്തോടെ താരം കളം വിടുക ആയിരുന്നു. ഇതിനകം മിയെദേമ, ബെത്ത് മീഡ്, കിം ലിറ്റിൽ തുടങ്ങിയ താരങ്ങളെ നഷ്ടമായ ആഴ്‌സണലിന് വലിയ നഷ്ടമായി ഇത്.
ഒരു പതിറ്റാണ്ടിനു ശേഷം ചാമ്പ്യൻസ് സെമിഫൈനൽ മത്സരങ്ങൾ കളിക്കാൻ ഇരിക്കുന്ന ആഴ്‌സണലിന് ഇത് വലിയ നഷ്ടമാണ്. വോൾവ്സ്ബർഗ് വനിതകളെ ആണ് ആഴ്‌സണൽ വനിതകൾ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ നേരിടുക. അതേസമയം വനിത ലോകകപ്പിന് മൂന്നു മാസം ബാക്കിയുള്ളപ്പോൾ ഇംഗ്ലണ്ട് ടീമിന് പ്രതിരോധത്തിലെ നടും തൂണായ വില്യംസണിനെ നഷ്ടമായാൽ അത് വലിയ തിരിച്ചടി ആവും. ഇതിനകം തന്നെ യൂറോ കപ്പിലെ മികച്ച താരവും ടോപ് സ്കോററും ആയ ആഴ്‌സണലിന്റെ ബെത്ത് മീഡിനെ നഷ്ടമായ ഇംഗ്ലണ്ടിന് വില്യംസണിന്റെ നഷ്ടം കടുത്ത തിരിച്ചടിയാവും.