ലോകകപ്പ് നേടി രണ്ടാഴ്ച്ച പിന്നിടുമ്പോൾ കെട്ടടങ്ങാത്ത വിവാദങ്ങളിൽ നടപടിയുമായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ. വനിതാ ടീം കോച്ച് ഹോർഗെ വിൽഡയെ പുറത്താക്കിയതായി ഫെഡറേഷൻ അറിയിച്ചു. “റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ, പ്രസിഡന്റ് പെഡ്രോ റോച്ചയുടെ ആഭിമുഖ്യത്തിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ ഭാഗമായി വനിതാ ഫുട്ബോൾ പരിശീലക, സ്‌പോർട് ഡയറക്ടർ സ്ഥാനങ്ങളിൽ നിന്നും ഹോർഗെ വിൽഡയെ പുറത്താക്കുന്നു. 2015 മുതൽ ഈ സ്ഥാനത്ത് നിന്നും ടീമിന് വേണ്ടി നടത്തിയ പ്രവർത്തങ്ങളിലും ലോകകപ്പ് വിജയത്തിലും അദ്ദേഹത്തെ അഭിനന്ദിക്കുന്നു”, ഫെഡറേഷൻ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. ഇതോടെ വനിതാ താരങ്ങളുടെ നീണ്ട പ്രതിഷേധത്തിനാണ് ഒടുവിൽ വിജയം കാണുന്നത്. നേരത്തെ വിൽഡക്കെതിരെ നടപടി എടുക്കുന്നതിൽ പ്രതിഷേധിച്ചു നിരവധി പ്രമുഖ താരങ്ങൾ ലോകകപ്പിൽ സ്പാനിഷ് ജേഴ്‌സി അണിയാൻ വിസമ്മതിച്ചിരുന്നു.
ഇതിന് പുറമെ മുൻ പ്രസിഡന്റ് റൂബിയാലസിന്റെ ചെയ്തികളിൽ ഫുട്ബോൾ ലോകത്തോട് മാപ്പപേക്ഷിച്ചും സ്പാനിഷ് ഫെഡറേഷൻ മുന്നോട്ടു വന്നു. എല്ലാ ഫുട്ബോൾ ഇൻസ്റ്റിറ്റ്യൂഷനുകളും, താരങ്ങളും, പ്രത്യേകിച്ച് സ്പാനിഷ്, ഇംഗ്ലണ്ട് ദേശിയ താരങ്ങൾ, ഫുട്ബോൾ ആരാധകർ എന്നിവരെ എല്ലാം എടുത്തു പറഞ്ഞാണ് മാപ്പപേക്ഷ നടത്തിയിരിക്കുന്നത്. യാതൊരു ന്യായീകരികരണവും ഇല്ലാത്ത ചെയ്‌തിയാണ് റൂബിയാലസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും, ഇത് സ്പാനിഷ് കായിക താരങ്ങളെയോ ഭരണ കർത്താക്കളെയോ സമൂഹത്തെയോ പ്രതിനിധാനം ചെയ്യുന്നത് അല്ലെന്നും ഫെഡറേഷൻ അടിവരയിട്ടു. കൂടാതെ അന്താരാഷ്ട്ര തലത്തിൽ തന്നെ രാജ്യത്തിനും കായിക രംഗത്തിനും ഈ സംഭവം അപമാനം സൃഷ്ടിച്ചു എന്നും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അംഗീകരിച്ചു.
Download the Fanport app now!