ഇന്ത്യന്‍ വനിതാ ലീഗ് കിരീടം നിലനിര്‍ത്താന്‍ ഗോകുലം കേരളയുടെ വനിതാ സംഘം ഇന്ന് ലീഗിലെ മൂന്നാം മത്സരത്തിനിറങ്ങും. ഡൽഹി ക്ലബായ ഹാൻസ് ഫുട്ബോൾ ടീമിന് എതിരെയാണ് ഗോകുലം ഇറങ്ങുക.ഭൂവനേശ്വറിലെ ക്യാപിറ്റല്‍ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലും അനായാസ ജയം സ്വന്തമാക്കിയ ഗോകുലം കേരളയുടെ പോരാളികള്‍ മൂന്നാം മത്സരത്തിലും ജയം തേടിയാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത 12 ഗോളിന് ഒഡിഷ പോലിസിനെ പരാജയപ്പെടുത്തിയ രണ്ടാം മത്സരത്തില്‍ എസ്.എസ്.ബി വനിതാ ഫുട്ബോള്‍ ക്ലബുമായി രണ്ട് ഗോളിനായിരുന്നു വിജയം നേടിയത്. ഈ മത്സരത്തില്‍ ഗോള്‍ നേടാന്‍ കൂടുതല്‍ അവസരം ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.
ഇന്ന് വൈകിട്ട് നാലിനാണ് മത്സരം. മുന്നേറ്റത്തില്‍ എല്‍ ഷദായ്, ടിന്,മനീഷ കല്യാണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫോമിലാണെന്നതാണ് ഗോകുലത്തിന്റെ കരുത്ത്. പ്രതിരോധത്തില്‍ ഡാലിമ ചിമ്പറും മധ്യനിരയില്‍ കഷ്മീനയുമാണ് ഗോകുലത്തിന്റെ കരുത്താണ്. രണ്ട് മത്സരത്തില്‍ 14 ഗോളുകള്‍ എതിര് പോസ്റ്റില്‍ നിക്ഷേപിച്ചപ്പോഴും ഒരു ഗോള്‍ പോലും ഇതുവരെ മലബാറിയന്‍സ് വഴങ്ങിയിട്ടില്ല.
മികച്ച രീതിയിലുള്ള പ്രതിരോധവും ഇന്ത്യന്‍ ദേശീയ താരം അതിഥി ചൗഹാന്റെ ചോരാത്ത കൈകളുമാണ് ഗോകുലം ഗോള്‍ വഴങ്ങാത്തതിന്റെ പ്രധാന കാരണം. എതിര് ടീമുകളുടെ എല്ലാ മുന്നേറ്റങ്ങളേയും മധ്യനിരയില്‍ തന്നെ ചെറുത്ത് തോല്പിക്കാന് ഗോകുലം കേരളയുടെ ഡിഫന്‍സീവ് മിഡിന് കഴിയുന്നുണ്ട്.