ഇന്ത്യൻ വനിതാ ലീഗിന്റെ മൂന്നാം സീസണ് ഇന്ന് തുടക്കമാകും. പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന വനിതാ ലീഗിൽ ഇന്ന് മാത്രം 2 മത്സരങ്ങൾ നടക്കും. 12 ടീമുകളാണ് ലീഗിൽ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. 6 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളിൽ ആയാകും മത്സരം. കേരളത്തെ പ്രതിനിധീകരിച്ച് തുടർച്ചയായ രണ്ടാം തവണയും ഗോകുലം കേരള എഫ് സി ആണ് വനിതാ ലീഗിൽ മത്സരിക്കുന്നത്.
ഗ്രൂപ്പ് എയിലാണ് ഗോകുലം കേരള എഫ് സി ഉള്ളത്. ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനായി ഗോകുലം ഇറങ്ങും. നിലവിലെ ചാമ്പ്യന്മാരായ റൈസിംഗ് സ്റ്റുഡന്റ്സ് ആണ് ഗോകുലത്തിന്റെ ഇന്നത്തെ എതിരാളികൾ. ശക്തമായ ടീമുമായി ലുധിയാനയിൽ എത്തിയിരിക്കുന്ന ഗോകുലം ചാമ്പ്യന്മാരെ തോൽപ്പിച്ച് കൊണ്ട് തന്നെ തുടങ്ങാം എന്ന പ്രതീക്ഷയിലാണ്. ഇന്ത്യൻ താരങ്ങളായ ദലിമ ചിബാർ, അഞ്ജു തമങ്, സഞ്ജു എന്നിങ്ങനെ തുടങ്ങി ഒരു വമ്പൻ ടീമിനെ തന്നെ ഗോകുലം ഇത്തവണ ഒരുക്കിയിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള ഏക ക്ലബ് എന്നതിനപ്പുറം ഇന്ത്യയിലെ ദേശീയ ലീഗുകളായ ഐ ലീഗിൽ നിന്നും ഐ എസ് എല്ലിൽ നിന്നുമുള്ള ക്ലബുകളെ പ്രതിനിധീകരിക്കുന്ന ഏക ടീമാണ് ഗോകുലം കേരള എഫ് സി എന്ന പ്രത്യേകതയും ഉണ്ട്.
ഇന്ന് ഗോകുലത്തിന്റെ മത്സരത്തിന് പുറമെ 1 മത്സരം കൂടെ നടക്കും. രാവിലെ നടക്കുന്ന മത്സരത്തിൽ അളകാപുര എഫ് സി ഹാൻസ് വുമൺസിനെയും നേരിടും.