ഇന്ത്യൻ വനിതാ ലീഗിന് ഇന്ന് തിരശ്ശീല വീഴും. കലാശ പോരാട്ടത്തിൽ അതിശക്തരായ രണ്ടു ടീമുകളാണ് നേർക്കുനേർ വരുന്നത്. ഈ വനിതാ ലീഗിൽ ഗോളടിച്ചു കൂട്ടി ഫൈനൽ വരെ എത്തിയ സേതു എഫ് സിയും മണിപ്പൂർ പോലീസും. സെമിയിൽ ഗോകുലം കേരള എഫ് സിയെ തോൽപ്പിച്ചായിരുന്നു മണിപ്പൂർ ഫൈനലിൽ എത്തിയത്. ആറു മത്സരങ്ങളിൽ 41 ഗോളുകളാണ് മണിപ്പൂർ പോലീസ് ഇതുവരെ അടിച്ചു കൂട്ടിയത്. 26 ഗോളുകൾ നേടിയ ക്യാപ്റ്റൻ ബാലാ ദേവിയിൽ ആയിരിക്കും മണിപ്പൂർ പോലീസിന്റെ ഇന്നത്തെ പ്രതീക്ഷ.
അവസാന അഞ്ചു മത്സരങ്ങളിലും ഹാട്രിക്ക് നേടിയ താരമാണ് ബാലാദേവി. സെമിയിൽ എസ് എസ് ബിയെ ഒന്നിനെതിരെ എട്ടു ഗോളുകൾക്ക് തകർത്തു കൊണ്ടായിരുന്നു സേതുവിന്റെ ഫൈനൽ പ്രവേശനം. സബിത്ര, ഗ്രേസ്, സന്ധ്യ എന്നീ താരങ്ങളുടെ ഗംഭീര ഫോമിലാണ് സേതുവിന്റെ പ്രതീക്ഷ. ഗ്രൂപ്പ് ഘട്ടത്തിൽ മണിപ്പൂർ പോലീസും സേതു എഫ് സിയും ഏറ്റുമുട്ടിയപ്പോൾ സേതുവിനായിരുന്നു വിജയം. അന്ന് 6-4നായിരുന്നു സേതുവിന്റെ വിജയം. ആ മത്സരം പോലെ തന്നെ ശക്തമായ പോരാട്ടമാണ് ഇന്നും പ്രതീക്ഷിക്കപ്പെടുന്നത്. വൈകിട്ട് 4 മണിക്കാണ് ഫൈനൽ നടക്കുക. ഇന്ത്യൻ ഫുട്ബോളിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ മത്സരം തത്സമയം കാണാം.
സന്ധ്യ ഇന്ന് നാലു ഗോളുകൾ അടിച്ചു. 14, 37, 39, 87 മിനുട്ടുകളിൽ ആയിരുന്നു സന്ധ്യയുടെ ഗോളുകൾ. സന്ധ്യയുടെ കൂടാതെ അശലത ദേവി, രത്നബാലാ ദേവി, ഇന്ദുമതി എന്നിവരും ഗോളുകൾ നേടി. സേതുവിന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്. സെമിയിൽ എസ് എസ് ബി വുമൺസിനെയാണ് സേതു എഫ് സി നേരിടുക.