അഭിമാനം ഉയർത്തി ഗോകുലം, ഇന്ത്യൻ വനിതാ ലീഗ് സെമിയിൽ

- Advertisement -

ഇന്ത്യൻ വനിതാ ലീഗിൽ കേരളത്തിന്റെ അഭിമാനം ഉയർത്തി ഗോകുലം കേരള എഫ് സി. ഇന്ന് ഗോകുലം കേരള എഫ് സി തുടർച്ചയായ നാലാം വിജയത്തോടെ വനിതാ ലീഗിന്റെ സെമി ഫൈനലിൽ എത്തി. ഇതാദ്യമായാണ് ഒരു കേരള ക്ലബ് ഇന്ത്യൻ വനിതാ ലീഗിന്റെ സെമിയിൽ എത്തുന്നത്. കഴിഞ്ഞ സീസണിലും ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള എഫ് സി പങ്കെടുത്തിരുന്നു എങ്കിലും സെമിയിൽ എത്താൻ ആയിരുന്നില്ല.

ലുധിയാനയിൽ ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ പഞ്ചിം ഫുട്ബോളേഴ്സിനെ ആണ് ഗോകുലം കേരള എഫ് സി പരാജയപ്പെടുത്തിയത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ദലീമ ചിബാറും രഞ്ജനയും ഇല്ലാതെ ആയിരുന്നു ഗോകുലം കേരള എഫ് സി ഇറങ്ങിയത്. ആദ്യ പകുതിയിൽ സഞ്ജുവും രണ്ടാം പകുതിയിൽ അഞ്ജു തമാംഗും ആയിരുന്നു ഗോകുലം കേരള എഫ് സിക്കായി ഇന്ന് ഗോളുകൾ നേടിയത്.

ഈ ജയത്തോടെ ഗോകുലം കേരള എഫ് സിക്ക് 4 മത്സരങ്ങളിൽ നിന്ന് 12 പോയന്റായി. ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്ന ഗോകുലം കേരള എഫ് സി ഒരു മത്സരം ശേഷിക്കെ തന്നെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും സെമിയും ഇതോടെ ഉറപ്പിച്ചു.. ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് റൈസിംഗ് സ്റ്റുഡന്റ്സിനെയും രണ്ടാം മത്സരത്തിൽ 1-0ന് അളക്പുരയെയും, മൂന്നാം മത്സരത്തിൽ എസ് എസ് ബിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും ഗോകുലം കേരള എഫ് സി ഗോകുലം തോൽപ്പിച്ചിരുന്നു.

Advertisement