ഗോകുലം വനിതകൾ ഇന്ത്യൻ ചാമ്പ്യന്മാർ!! കേരളത്തിലേക്ക് ആദ്യമായി ഒരു ദേശീയ ലീഗ് കിരീടം!!

- Advertisement -

അഭിമാനമായി ഗോകുലം കേരള എഫ് സി. ഇന്ത്യൻ വനിതാ ലീഗ് കിരീടം ഗോകുലം കേരള എഫ് സി സ്വന്തമാക്കി. കഴിഞ്ഞ തവണ സെമിയിൽ അവസാനിച്ച കിരീട സ്വപ്നം ഇത്തവണ ബെംഗളൂരുവിൽ ഗോകുലം പൂർത്തീകരിച്ചു. ഇന്ന് ബെംഗളൂരുവിൽ നടക്കുന്ന ഫൈനലിൽ ക്രിപ്സയെ തോൽപ്പിച്ചാണ് ഗോകുലം കേരള കിരീടത്തിൽ മുത്തമിട്ടത്. ആവേശകരമായ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ഗോകുലം വിജയിച്ചത്.

ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് എത്തിയ ക്രിപ്സയ്ക്ക് പക്ഷെ ഗോകുലത്തിന്റെ മുന്നിൽ എത്തിയപ്പോൾ എല്ലാം പിഴക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ ക്രിപ്സയുടെ പേരുകേട്ട ഡിഫൻസിന്റെ തന്ത്രങ്ങൾ പാളി. ഒന്നാം മിനുട്ടിൽ പരമേശ്വരിയിലൂടെ ഗോകുലം ലീഡ് എടുത്തു. തുടരെ ആക്രമണം നടത്തിയ ഗോകുലം 27ആം മിനുട്ടിൽ രണ്ടാം ഗോൾ നേടി. കമലാദേവിയുടെ ഫ്രീകിക്കിലൂടെ ആയിരുന്നു രണ്ടാം ഗോൾ വന്നത്.

എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു ഗോൾ മടക്കാൻ ക്രിപ്സയ്ക്ക് ആയി. ഒരു കോർണറിൽ നിന്ന് ഗ്രേസ് ആണ് ക്രിപ്സയ്ക്ക് പ്രതീക്ഷ നൽകിയത്. രണ്ടാം പകുതിയിൽ സമനില ഗോളിനായി ക്രിപ്സ പൊരുതി. കളിയുടെ 70ആം മിനുട്ടിൽ മൂന്നാം ഗോൾ നേടാൻ ഗോകുലത്തിന് മികച്ച അവസരം ലഭിച്ചു എങ്കിലും സബിത്രയുടെ ഷോട്ട് മികച്ച സേവിലൂടെ ലിങ്തംഗാമ്പി ദേവി തട്ടിയകറ്റി‌. പിന്നാലെ രത്നാ ബാല ദേവിയിലൂടെ ക്രിപ്സ രണ്ടാം ഗോൾ നേടി സമനിലയിൽ എത്തി.

പക്ഷെ ക്രിപ്സയുടെ തിരിച്ചുവരവിൽ ഗോകുലം പേടിച്ചില്ല. കളിയുടെ 86ആം മിനുട്ടിൽ ക്രിപ്സയുടെ ഹൃദയം തകർത്ത് സബിത്രയിലൂടെ ഗോകുലം കേരള എഫ് സി വിജയ ഗോൾ നേടി. അവസാനം വരെ ഒരിക്കൽ കൂടെ സമനില നേടാൻ ആയി ക്രിപ്സ ശ്രമിച്ചു എങ്കിലും ഗോകുലം ഡിഫൻസ് ശക്തമായി ഇത്തവണ ലീഡിനെ പ്രതിരോധിച്ചു.

ദേശീയ ലീഗ് കിരീടം കേരളത്തിലേക്ക് എത്തിക്കുന്നത് ആദ്യ ടീമായി ഈ വിജയത്തോടെ ഗോകുലം വനിതകൾ മാറി. ഇതുവരെ ഒരു കേരള ക്ലബിന്റെയും പുരുഷ സീനിയർ ടീമിനോ വനിതാ സീനിയർ ടീമിനോ ദേശീയ ലീഗ് കിരീടം നേടാൻ ആയിട്ടുണ്ടായിരുന്നില്ല. ആ നീണ്ട കാത്തിരിപ്പിന് ആണ് ഗോകുലം വനിതകൾ അവസാനം കുറിച്ചത്.

സെമി ഫൈനലിൽ മുൻ ചാമ്പ്യന്മാരായ സേതു എഫ് സിയെ തോൽപ്പിച്ച് ആയിരുന്നു ഗോകുലം കേരള ഫൈനലിലേക്ക് എത്തിയത്. ടൂർണമെന്റിൽ ഉടനീളം ആധിപത്യം പുലർത്തിയാണ് ഗോകുലം ഫൈനൽ വരെ എത്തിയത്. കളിച്ച എല്ലാ മത്സരവും ഗോകുലം വിജയിച്ചു. ഇന്നത്തെ വിജയ ഗോൾ ഉള്ളപ്പടെ 18 ഗോളുകൾ അടിച്ച് ടൂർണമെന്റിൽ ടോപ്പ് സ്കോറർ ആയ നേപ്പാൾ താരം സബിത്രയാണ് ടൂർണമെന്റിൽ ഗോകുലത്തിന്റെ അഭിമാന താരമായി മാറിയത്. മലയാളി ആയ പ്രിയ പി വി ആണ് ഗോകുലം കേരളയുടെ ഹെഡ് കോച്ച്.

Advertisement