വനിത യൂറോ കപ്പ് കിരീടം നിലനിർത്തി ഇംഗ്ലണ്ട്

Wasim Akram

Picsart 25 07 28 00 41 22 702
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത യൂറോ കപ്പ് കിരീടം നിലനിർത്തി സറീന വിങ്മാന്റെ ഇംഗ്ലണ്ട് ടീം. യൂറോ കപ്പ് ചരിത്രത്തിൽ ഫൈനലിൽ കണ്ട ആദ്യ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ലോക ചാമ്പ്യന്മാർ ആയ സ്പെയിനിനെ ആണ് അവർ തോൽപ്പിച്ചത്. ലോകകപ്പ് ഫൈനൽ പരാജയത്തിനുള്ള പ്രതികാരം കൂടിയായി ഇത് അവർക്ക്. സറീന വിങ്മാന്റെ തുടർച്ചയായ മൂന്നാം യൂറോ കപ്പ് കിരീടം ആണ് ഇത്. ആദ്യ പകുതിയിൽ സ്പാനിഷ് ആധിപത്യം കണ്ട മത്സരത്തിൽ ബാഴ്‌സലോണ താരം ഒലി ബാറ്റിലിന്റെ ഉഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ ഈ സീസണിൽ അസാധ്യ ഫോമിൽ കളിക്കുന്ന ആഴ്‌സണൽ താരം മരിയോണ കാൽഡന്റി 25 മത്തെ മിനിറ്റിൽ അവർക്ക് മുൻതൂക്കം നൽകി. തുടർന്നും സ്പാനിഷ് മുന്നേറ്റം തന്നെയാണ് മത്സരത്തിൽ കാണാൻ ആയത്.

ഇംഗ്ലണ്ട്

എന്നാൽ രണ്ടാം പകുതിയിൽ മത്സരത്തിൽ തിരിച്ചു വന്ന ഇംഗ്ലണ്ട് സ്പെയിനിനെ കൗണ്ടർ അറ്റാക്കിലൂടെ നേരിട്ടു. സ്പാനിഷ് മുന്നേറ്റങ്ങളുടെ മുനയും അവർ ഒടിച്ചു. 57 മത്തെ മിനിറ്റിൽ പരിക്കേറ്റ ലോറൻ ജെയിംസിന് പകരം എത്തിയ ആഴ്‌സണലിന്റെ ക്ലോയി കെല്ലിയുടെ അവിസ്മരണീയമായ ക്രോസിൽ നിന്നു അതുഗ്രൻ ഹെഡറിലൂടെ ഗോൾ നേടിയ ആഴ്‌സണൽ മുന്നേറ്റനിര താരം അലസിയ റൂസോ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. തുടർന്ന് ഇരു ടീമുകൾക്കും ഗോൾ നേടാൻ ആവാത്തതോടെ മത്സരം എക്സ്ട്രാ സമയത്തേക്ക് നീണ്ടു. തുടർച്ചയായ മൂന്നാം മത്സരത്തിൽ ആണ് ഈ യൂറോയിൽ ഇംഗ്ലണ്ട് മത്സരം എക്സ്ട്രാ സമയം വരെ നീളുന്നത്. എക്സ്ട്രാ സമയത്ത് തനിക്ക് കിട്ടിയ 3 മികച്ച അവസരങ്ങൾ ആണ് പകരക്കാരിയായി ഇറങ്ങിയ 21 കാരിയായ സൽ‍മ പരലുഹ പാഴാക്കിയത്.

ഇംഗ്ലണ്ട്

സ്പാനിഷ് മുന്നേറ്റത്തെ തടഞ്ഞു നിർത്തിയ ക്യാപ്റ്റൻ ലിയ വില്യംസനും, ജെസ് കാർട്ടറും, ലൂസി ബ്രോൺസും മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീട്ടി. പെനാൽട്ടി ഷൂട്ട് ഔട്ടിൽ ബെത്ത് മീഡിന്റെ ആദ്യ കിക്ക് ഗോൾ ആയെങ്കിലും ഡബിൾ ടച്ച് കാരണം റീ ടേക്ക് എടുക്കാൻ റഫറി പറഞ്ഞു. ഇത് രക്ഷിച്ച കാറ്റ കോൾ സ്പെയിനിന് മുൻതൂക്കം നൽകി. തുടർന്ന് കിക്ക് പട്രീഷിയയും, അലക്‌സ് ഗ്രീൻവുഡും അത് രണ്ടും ഗോൾ ആക്കി മാറ്റി. എന്നാൽ സ്‌പെയിനിന്റെ രണ്ടാം കിക്ക് എടുക്കാൻ വന്ന മരിയോണയുടെ കിക്ക് ഹന്ന ഹാമ്പ്റ്റൺ രക്ഷിച്ചു. നിയ ചാൾസ് പെനാൽട്ടി ഗോൾ ആക്കിയതോടെ ഇംഗ്ലണ്ടിന് മുൻതൂക്കം. അടുത്ത കിക്ക് എടുക്കാൻ വന്ന ബാലൻ ഡിയോർ ജേതാവ് അയിറ്റാന ബോൺമാറ്റിയുടെ പെനാൽട്ടിയും ഹന്ന രക്ഷിച്ചു. എന്നാൽ തുടർന്ന് പെനാൽട്ടി എടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ വില്യംസന്റെ കിക്ക് സ്പാനിഷ് ഗോളിയും രക്ഷിച്ചു. എന്നാൽ സ്പെയിനിന്റെ അടുത്ത കിക്ക് എടുത്ത സൽ‍മയുടെ ഷോട്ട് പുറത്ത് പോയതോടെ ഇംഗ്ലണ്ടിന് ജയം അടുത്ത് എത്തി. തുടർന്ന് പെനാൽട്ടി എടുത്ത ക്ലോയി കെല്ലി ഉഗ്രൻ ഷോട്ടിലൂടെ ഗോളും കിരീടവും ഇംഗ്ലണ്ടിന് സമ്മാനിക്കുക ആയിരുന്നു.