ഫ്രാൻസിൽ നടക്കുന്ന വനിതാ ലോകകപ്പിൽ സംഭവബഹുമലമായ മത്സരം വിജയിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ കടന്നു. കാമറൂണെ ആണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. വാറിന്റെ രണ്ട് തീരുമാനങ്ങളാണ് ഇന്ന് കാമറൂണ് എതിരായത്. ആദ്യ പകുതിയിൽ ഒരു ഇൻഡയറക്ട് ഫ്രീകിക്കിലൂടെ ആയിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ.
ക്യാപ്റ്റൻ സ്റ്റീഫ് ഹൗട്ടണാണ് ഗോൾ നേടിയത്. ഹൗട്ടന്റെ ഇംഗ്ലണ്ടിനായുള്ള മൂന്നാം ഗോളായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കും മുമ്പ് എലെൻ വൈറ്റിന്റെ വകയായിരുന്നു രണ്ടാമത്തെ ഗോൾ. ഈ ഗോളിലാണ് ഓഫ്സൈഡിന്റെ പ്രശ്നം ഉയർന്നത്. വാർ റിവ്യൂവിന് ശേഷവും ഗോളാണെന്ന് വിധിച്ചത് കാമറൂൺ താരങ്ങളെ രോഷാകുകരാക്കി. ഈ ഗോളിന് ശേഷം കിക്ക് ഓഫ് ചെയ്യാൻ കാമറൂൺ വിസമ്മതിച്ച് അപൂർവ്വ കാഴ്ചയായി.
രണ്ടാം പകുതിയിൽ കാമറൂണിന്റെ ഒരു ഗോൾ വാർ നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനു പിറകെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഗ്രീന്വുഡിലൂടെ ഇംഗ്ലണ്ട് മൂന്നാം ഗോളും നേടി. നോർവേയെ ആകും ഇംഗ്ലണ്ട് ക്വാർട്ടറിൽ നേരിടുക.