ചരിത്രത്തിൽ ആദ്യമായി 32 രാജ്യങ്ങളെ ഉൾക്കൊള്ളിച്ച് കൊണ്ടു നടത്തുന്ന ആദ്യ ഫിഫ വനിത ലോകകപ്പ് തുടങ്ങാൻ ഇനി വെറും രണ്ടു നാൾ മാത്രം. ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ ഡി.ഡി സ്പോർട്സ് സൗജന്യമായി പ്രദർശിപ്പിക്കും. ഓൺലൈനായി ഫാൻകോഡ് ആണ് മത്സരങ്ങൾ പ്രദർശിപ്പിക്കുക. തുടർച്ചയായ മൂന്നാം ലോക കിരീടം തേടി ഇറങ്ങുന്ന അതിശക്തരായ അമേരിക്ക തന്നെയാണ് ഇക്കുറിയും കിരീടം നേടാൻ കൂടുതൽ സാധ്യതയുള്ള ടീം.
അമേരിക്കക്ക് വെല്ലുവിളി ആവാം എന്ന പ്രതീക്ഷയിൽ ആണ് യൂറോ ചാമ്പ്യന്മാർ ആയ ഇംഗ്ലണ്ട്. എന്നാൽ ബെത്ത് മീഡ്, ലിയ വില്യംസൺ എന്നിവർ പരിക്ക് മൂലം ഇല്ലാത്തത് അവരുടെ സാധ്യതകൾക്ക് മങ്ങൽ എൽപ്പിച്ചിട്ടുണ്ട്. ജർമ്മനി, ഫ്രാൻസ് എന്നിവർക്ക് പുറമെ ബാലൻ ഡിയോർ ജേതാവ് അലക്സിയ പുറ്റലസിന്റെ സ്‌പെയിനും കിരീടപോരാട്ടത്തിൽ മുന്നിലുണ്ട്. 2019 ൽ ഫൈനൽ കളിച്ച ഹോളണ്ട് ടീമിന് സൂപ്പർ താരം മിയെദമെയുടെ പരിക്ക് വിനയാണ്. ഇവർക്ക് പുറമെ സൂപ്പർ താരം സാം കെറിന്റെ ആതിഥേയരായ ഓസ്‌ട്രേലിയക്കും കിരീട സാധ്യതകൾ ഉണ്ട്. ഓഗസ്റ്റ് 20 നു ആണ് ലോകകപ്പിന്റെ ഫൈനൽ മത്സരം.