ഫിഫ വനിത ലോകകകപ്പിൽ ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ ദക്ഷിണ കൊറിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു കൊളംബിയ. ഇതിനു മുമ്പ് ലോകകപ്പിൽ ഒരേയൊരു മത്സരം മാത്രം ജയിച്ചിരുന്ന കൊളംബിയ പക്ഷെ ഇന്ന് മികച്ച പ്രകടനം ആണ് നടത്തിയത്. സിയോ-ഇയോന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി 30 മത്തെ മിനിറ്റിൽ കാറ്റലിന ഉസ്മെ ഗോൾ ആക്കി മാറ്റി.
ടൂർണമെന്റിൽ ഒരിക്കൽ കൂടി പെനാൽട്ടി അനുവദിക്കുന്നത് ആണ് ഇന്നും കാണാൻ ആയത്. 39 മത്തെ മിനിറ്റിൽ ഉഗ്രൻ ഷോട്ടുമായി ഗോൾ കണ്ടത്തിയ 18 കാരിയായ യുവ റയൽ മാഡ്രിഡ് സൂപ്പർ താരം ലിന്റ കൈസെദോ കൊളംബിയൻ ജയം ഉറപ്പിച്ചു. ഫിഫ അണ്ടർ 17, അണ്ടർ 20 ലോകകപ്പുകളിൽ ഗോൾ നേടിയ ലിന്റ ഫിഫ ലോകകപ്പിലും തന്റെ ഗോൾ വേട്ട തുടർന്നു. അതേസമയം 78 മത്തെ മിനിറ്റിൽ ദക്ഷിണ കൊറിയക്ക് ആയി ഇറങ്ങിയ 16 വയസ്സും 26 ദിവസവും പ്രായമുള്ള കേസി ഹയിർ വനിത ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.