രണ്ടു തവണ ലോകകപ്പ് ജേതാക്കൾ ആയ ജർമ്മനിയെ ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിൽ വീഴ്ത്തി കൊളംബിയ ലോകകപ്പ് പ്രീ ക്വാർട്ടറിൽ. ആദ്യ പകുതിയിൽ ജർമനിക്ക് കുറച്ചു അവസരങ്ങൾ ലഭിച്ചു എങ്കിലും അവർക്ക് അത് മുതലാക്കാൻ ആയില്ല. 52 മത്തെ മിനിറ്റിൽ കാരബാലിയുടെ പാസിൽ നിന്നു അതുഗ്രൻ ഗോൾ നേടിയ ലിന്റ കൈസെദോ കൊളംബിയയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. ലോകകപ്പിൽ 18 കാരിയായ റയൽ മാഡ്രിഡ് താരം നേടുന്ന രണ്ടാം ഗോൾ ആയിരുന്നു ഇത്.
തുടർന്നും ജർമ്മനിയെ മികച്ച രീതിയിൽ തടയുന്ന കൊളംബിയയെ ആണ് കാണാൻ ആയത്. എന്നാൽ 89 മത്തെ മിനിറ്റിൽ കാറ്റലിന പെരസ് ലെന ഓടർഡോഫിനെ പെനാൽട്ടി ബോക്സിൽ വീഴ്ത്തിയതോടെ ജർമ്മനിക്ക് അനുകൂലമായി പെനാൽട്ടി ലഭിച്ചു. അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട അലക്സാൻഡ്രിയ പോപ്പ് അവർക്ക് പ്രതീക്ഷ നൽകി. എന്നാൽ ഇഞ്ച്വറി സമയത്ത് 97 മത്തെ മിനിറ്റിൽ ലെയ്സി സാന്റോസിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മാനുവല വെനഗാസ് കൊളംബിയക്ക് സ്വപ്നജയം സമ്മാനിച്ചു. ഇതോടെ ദക്ഷിണ കൊറിയ ടൂർണമെന്റിൽ നിന്നു പുറത്തായി. ജർമ്മനിക്ക് ആവട്ടെ അടുത്ത റൗണ്ടിൽ കടക്കാൻ അടുത്ത മത്സരത്തിൽ ദക്ഷിണ കൊറിയയെ തോൽപ്പിക്കുകയും വേണം.