വനിത ലോകകപ്പിൽ നിന്നു അർജന്റീനക്ക് പിന്നാലെ നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാർ ആയ ബ്രസീലും പുറത്ത്. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ജമൈക്കയോട് അവർ ഗോൾ രഹിത സമനില വഴങ്ങുക ആയിരുന്നു. മത്സരത്തിൽ 73 ശതമാനം സമയവും പന്ത് കൈവശം വെച്ച ബ്രസീൽ 18 ഷോട്ടുകൾ ആണ് ഉതിർത്തത്. എന്നാൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ലോകകപ്പിൽ ഗോൾ വഴങ്ങാതിരുന്ന ജമൈക്ക ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാർ ആയി 5 പോയിന്റുകളും ആയി പ്രീ ക്വാർട്ടറിലേക്ക് മുന്നേറി.
തന്റെ ആറാം ലോകകപ്പ് കളിച്ച ഇതിഹാസ താരം മാർത്തക്ക് ലോകകപ്പിൽ ഒരു ഗോൾ പോലും നേടാൻ ആയില്ല എന്നതും ശ്രദ്ധേയമായി. ഈ ടൂർണമെന്റിനു ശേഷം മാർത്ത ഫുട്‌ബോളിൽ നിന്നു വിരമിക്കും. അതേസമയം ആദ്യ ലോകകപ്പ് കളിച്ച പനാമയെ മൂന്നിനു എതിരെ ആറു ഗോളുകൾക്ക് മറികടന്ന ഫ്രാൻസ് ഗ്രൂപ്പ് ജേതാക്കൾ ആയി അവസാന പതിനാറിലേക്ക് മുന്നേറി. ഫ്രാൻസ് ആധിപത്യം കണ്ട മത്സരത്തിൽ രണ്ടാം മിനിറ്റിൽ മാർത്ത കോക്സിലൂടെ പനാമ മുന്നിൽ എത്തിയതോടെ ഫ്രാൻസ് ഞെട്ടി. എന്നാൽ 21 മത്തെ മിനിറ്റിൽ മല്ലെ ലെക്രാർ ഫ്രാൻസിന് ആയി സമനില ഗോൾ നേടി.
28 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഡിയാനി 37 മത്തെ മിനിറ്റിൽ പെനാൽട്ടിയും ലക്ഷ്യം കണ്ടു. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ഗോൾ നേടിയ ലെ ഗരക് ഫ്രാൻസിന് നാലാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ മറ്റൊരു പെനാൽട്ടിയിലൂടെ തന്റെ ഹാട്രിക് പൂർത്തിയാക്കിയ ഡിയാനി ഫ്രാൻസിന് ആയി ലോകകപ്പിൽ ഹാട്രിക് ഗോളുകൾ നേടുന്ന ആദ്യ വനിത താരമായി മാറി. 64 മത്തെ മിനിറ്റിൽ യോമിറ പിൻസോന്റെ പെനാൽട്ടിയിലൂടെയും 87 മത്തെ മിനിറ്റിൽ ലിനത് സെന്റെനോയുടെ ഗോളിലും പനാമ 2 ഗോളുകൾ കൂടി മടക്കി. എന്നാൽ ഇഞ്ച്വറി സമയത്ത് നൂറാം മിനിറ്റിൽ ഗോൾ നേടിയ വിക്കി ബെചോ ഫ്രാൻസ് ജയം പൂർത്തിയാക്കി.