Screenshot 20230126 175159 Brave

തുടർച്ചയായി 50 ലീഗ് വിജയങ്ങൾ; ചരിത്രം തിരുത്തി കുറിച്ച് ബാഴ്സലോണ വനിതാ ടീം

സമീപകാലത്ത് വമ്പൻ ഫോമിൽ മുന്നേറുന്ന ബാഴ്സലോണ ഫെമെനി വീണ്ടും ചരിത്രം തിരുത്തി കുറിക്കുന്നു. കഴിഞ്ഞ ദിവസം ലെവാന്റെ ലാസ് പ്ലാനാസിനെ കീഴടക്കിയ ടീം, ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ അൻപത് ലീഗ് വിജയങ്ങൾ നേടുന്ന ടീമായി മാറി. മത്സരത്തിൽ ഏഴു ഗോൾ കുറിച്ച ടീമിനായി മുന്നേറ്റ താരം ഓശ്വാല ഹാട്രിക്കും കണ്ടെത്തി. നേരത്തെ ഏറ്റവും കൂടുതൽ തുടർ വിജയങ്ങൾ എന്ന റെക്കോർഡും ബാഴ്‌സലോണ തകർത്തിരുന്നു. 46 വിജയങ്ങളുമായി ലിയോൺ ആയിരുന്നു റെക്കോർഡ് കൈവശം വെച്ചിരുന്നത്. 2011നും 2014 നും ഇടയിൽ ആയിരുന്നു ഫ്രഞ്ച് ടീമിന്റെ കുതിപ്പ്. മുൻപ് ആഴ്‌സനൽ 2003-’09 കാലത്ത് 51 തുടർവിജയങ്ങൾ അടക്കം നൂറ്റിയെട്ടു മത്സരങ്ങൾ ലീഗിൽ തോൽവി അറിയാതെ മുന്നേറിയിരുന്നെങ്കിലും അന്ന് ഒരു പ്രൊഫഷണൽ രീതിയിലേക്ക് ലീഗ് മാറിയിരുന്നില്ല.

2021 ജൂണിൽ അത്ലറ്റികോ മാഡ്രിഡുമായുള്ള മത്സരത്തിലാണ് ബാഴ്‌സലോണ അവസാനമായി തോൽവി അറിഞ്ഞത്. പിന്നീട് ഇതുവരെ ടീം വിജയക്കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളും വിജയിച്ചു ചരിത്രം കുറിച്ച ടീം ഇത്തവണയും പതിനഞ്ച് മത്സരങ്ങൾ കഴിയുമ്പോൾ അജയ്യരാണ്. ഇത്രയും മത്സരങ്ങളിൽ നിന്നും അഞ്ച് ഗോൾ ശരാശരിയിൽ 247 ഗോളുകൾ എതിർ പോസ്റ്റിൽ നിറച്ചപ്പോൾ ആകെ 19 എണ്ണം മാത്രമാണ് വഴങ്ങേണ്ടി വന്നത്. കഴിഞ്ഞ വർഷം റയലുമായുള്ള മത്സരത്തിൽ തൊണ്ണൂറായിരം കാണികളെ ക്യാമ്പ്ന്യൂവിലേക്ക് ആകർഷിച്ച ടീം, താരാരാധനയുടെ കാര്യത്തിൽ ഒട്ടും പിറകിൽ അല്ലെന്ന് തെളിയിച്ചിരുന്നു.

Exit mobile version