നീണ്ട രണ്ടു വർഷങ്ങൾക്ക് ശേഷം വനിത ലാ ലീഗയിൽ പരാജയം നേരിട്ടു ബാഴ്സലോണ വനിതകൾ. 719 ദിനങ്ങൾക്കും 64 മത്സരങ്ങൾക്കും ശേഷം ആണ് ബാഴ്സ വനിതകൾ ഒരു മത്സരം തോൽക്കുന്നത്. മാഡ്രിഡ് സി.എഫ്.എഫ് ആണ് ബാഴ്സയെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. കഴിഞ്ഞ 64 ലീഗ് മത്സരങ്ങളിൽ 63 എണ്ണവും ജയിച്ചു ഒരു സമനില വഴങ്ങിയ ബാഴ്സയുടെ അവിശ്വസനീയ കുതിപ്പിന് ആണ് ഇതോടെ അന്ത്യം ആയത്.
2021 ജൂണിൽ അത്ലറ്റികോ മാഡ്രിഡിനോട് തോറ്റ ശേഷമുള്ള ബാഴ്സയുടെ ആദ്യ പരാജയം ആണ് ഇത്. ലീഗിലെ അവസാന മത്സരത്തിൽ ചാമ്പ്യന്മാർ ആയ ബാഴ്സക്ക് എതിരെ മാഡ്രിഡ് സി.എഫ്.എഫിന് ആയി സാമ്പിയ താരം റാചേൽ കുണ്ടനാഞ്ചി നേടിയ ഇരട്ടഗോളുകൾ ആണ് അവർക്ക് ജയം സമ്മാനിച്ചത്. അതേസമയം ബാഴ്സലോണക്ക് ആയി നീണ്ട കാലത്തെ പരിക്കിൽ നിന്നു മോചിതയായി കളിക്കാൻ ഇറങ്ങിയ പകരക്കാരി അലക്സിയ പുറ്റലസ് ഒരു ഗോൾ മടക്കി. പരിക്കിൽ നിന്നു മടങ്ങി വന്ന ശേഷം അലക്സിയ നേടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. അടുത്ത മാസത്തെ വോൾവ്സ്ബർഗിന് എതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ആവും ഇനി ബാഴ്സലോണയുടെ ശ്രദ്ധ.