യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ ഇന്ന് നടക്കും. ഇന്ന് രാത്രി നടക്കുന്ന പോരിൽ ബാഴ്സലോണയും ലിയോണും ആണ് ഏറ്റുമുട്ടുന്നത്. പുരുഷ ചാമ്പ്യൻസ് ലീഗിലെ നിരാശ വനിതാ ചാമ്പ്യൻസ് ലീഗിൽ മറികടക്കാം എന്നാണ് ബാഴ്സലോണ കരുതുന്നത്. ഇന്ന് കിരീടം നേടിയാൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ആദ്യ സ്പാനിഷ് ടീമായും ബാഴ്സലോണയ്ക്ക് മാറാം.
സെമിയിൽ ബയേർൺ മ്യൂണിക്കിനെ തോൽപ്പിച്ചായിരുന്നു ബാഴ്സയുടെ ഫൈനലിലേക്കുള്ള വരവ്. രണ്ട് പാദങ്ങളിലായി 2-0ന്റെ വിജയമാണ് ബാഴ്സലോണ സെമിയിൽ സ്വന്തമാക്കിയത്. ടോണി ഡുഗാൻ, ലേക മാർടെൻസ് എന്നിവരുടെ ഫോമിലാണ് ബാഴ്സലോണയുടെ പ്രതീക്ഷ. എന്നാൽ ലിയോണിനെ തോൽപ്പിക്കുക എന്നത് എളുപ്പ കാര്യമാകില്ല.
വനിതാ ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബാണ് ലിയോൺ. അവസാന മൂന്ന് സീസണുകളിലും ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയാണ് ലിയോൺ വരുന്നത്. ഒരു കിരീടം കൂടി സ്വന്തമാക്കി പുതിയ റെക്കോർഡ് ഇടാനാകും ലിയോൺ ശ്രമിക്കുക. കഴിഞ്ഞ ആഴ്ച ഫ്രഞ്ച് ലീഗ് കിരീടം കൂടെ സ്വന്തമാക്കിയ ലിയോൺ ഗംഭീര ഫോമിലാണ്. സെമിയിൽ ചെൽസിയെ തോൽപ്പിച്ചാണ് ലിയോൺ ഫൈനലിൽ എത്തിയത്.